ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകനായ വിഘ്നേഷ് ശിവനും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. അതീവ രഹസ്യമായി തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹമെന്നാണ് വിവരം. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, നയൻതാരയുടേയും വിഘ്നേഷിന്റേയും ബന്ധുക്കളോ അടുത്തവൃത്തങ്ങളോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഇരുവരും മൗനം തുടരുകയാണ്. ഉടൻ തന്നെ വിവാഹ വാർത്തയിൽ സ്ഥിരീകരണമുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സോഷ്യൽമീഡിയ നവദമ്പതിമാർക്കുള്ള ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നാല് വർഷത്തോളമായി നയൻതാരയും വിഘ്നേഷും പ്രണയത്തിലാണ്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇതിനു ശേഷം, ഇരുവരും സോഷ്യൽമീഡിയയിലൂടെ പ്രണയാർദ്രമായ ചിത്രങ്ങൾ പങ്കുവെക്കാറുമുള്ളതാണ്.
ഉടൻ വിവാഹിതരാകുമെന്ന് ഇരുവരും സൂചന നൽകിയിരുന്നെങ്കിലും വിവാഹതീയതിയെ സംബന്ധിച്ച് സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ലോക്ക്ഡൗൺ കാലത്ത് അധികമാരും അറിയാതെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ നയൻതാരയ്ക്ക് വിഘ്നേഷ് താലി ചാർത്തുകയായിരുന്നെന്നാണ് വിവരം.