ഹോളിവുഡിലെ ഹിറ്റുകളുടെ രാജാവായ ജെയിംസ് കാമറൂണ്‍ വെള്ളിത്തിരയില്‍ ഒരുക്കിയ വിസ്മയ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനഃരാരംഭിക്കുന്നു. ന്യൂസിലാന്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംവിധായകനും സംഘവും ന്യൂസിലന്റിലേക്ക് പറന്നിരിക്കുകയാണ്. 14 ദിവസത്തെ ക്വാറന്റൈനിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കും.
ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ലോക്കേഷന്‍ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ എന്നിവരാണ് അഭിനേതാക്കള്‍.
2009 ലാണ് മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ അവതാര്‍ റിലീസ് ചെയ്തത്. നാലര വര്‍ഷം കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2.7 ദശലക്ഷം ഡോളാണ് ചിത്രം തീയേറ്ററില്‍ നിന്ന് വാരിയത്.
അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയലോകം തന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7500 കോടി രൂപയാണ് സിനിമയിലെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 20ത്ത് സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post