ജനപ്രിയ സീരിയലായ ഉപ്പും മുളകും കുടുംബത്തിലെ പ്രിയതാരം പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തി. പാറുവിനും ചേച്ചിയ്ക്കും കൂട്ടായി കുഞ്ഞനിയനെത്തി.
ബേബി അമേയ എന്ന പാറുവിന്റെ അമ്മയായ ഗംഗയ്ക്കും അച്ഛന്‍ അനില്‍ കുമാറിനും മൂന്നാമത്തെ കുട്ടിയാണ് പിറന്നത്. പാറുക്കുട്ടി ചേച്ചി ആയ വിവരം വീട്ടുകാര്‍ തന്നെയാണ് പങ്കുവച്ചത്. ആണ്‍കുട്ടിയാണ്. അമ്മയും മകനും സുഖമായി ഇരിക്കുന്നതായി അനില്‍ അറിയിച്ചു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പ്രോഗ്രാമാണ് ഉപ്പും മുളകും. നാല് വര്‍ഷമായി സംപ്രേഷണം തുടരുന്ന പരിപാടിയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന് കുട്ടിതാരമായ ‘പാറുക്കുട്ടി’.
ബേബി അമേയ എന്ന പാറുക്കുട്ടിക്ക് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലുള്ള ജനസമിതി മറ്റ് മുന്‍നിര താരങ്ങള്‍ക്ക് പോലും സ്വപ്നം കാണാന്‍ സാധിക്കാത്തതാണ്. ഇപ്പോള്‍ രണ്ടര വയസ്സുള്ള പാറുക്കുട്ടിയുടെ വളര്‍ച്ച മുഴുവന്‍ പ്രേക്ഷകര്‍ കണ്ടത് മിനി സ്‌ക്രീനിലൂടെയായിരുന്നു. ഉപ്പും മുളകും കുടുംബത്തിലേക്ക് ബാലു നീലു ദമ്പതികളുടെ അഞ്ചാമത്തെ കണ്മണിയായി പാറു എത്തുമ്പോള്‍ നാല് മാസം മാത്രമാണ് പ്രായം.
പാറുക്കുട്ടി ഇപ്പോള്‍ പിച്ചവച്ചു നടക്കാനും കുഞ്ഞിവാക്കുകള്‍ സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. ഉപ്പും മുളകും സംവിധായകന്‍ അവള്‍ക്കായി സ്‌ക്രിപ്പ്റ്റുകള്‍ ഒന്നും തയ്യാറാക്കാറില്ല. അവള്‍ ചുണ്ടനക്കുന്നതും നടക്കുന്നതുമൊക്കെയാണ്, എന്തിന് അനങ്ങുന്നത് വരെയും അവള്‍ക്കുള്ള സ്‌ക്രിപ്റ്റാണ്. അത്രയും തരംഗമാണ് പാറുക്കുട്ടി ഉണ്ടാക്കിയത്. ഇപ്പോള്‍ പരമ്പരയില്‍ താരം സംസാരിക്കാന്‍ ഒക്കെ തുടങ്ങിയിട്ടുണ്ട്.
പാറുക്കുട്ടി ചേച്ചി ആകാന്‍ പോകുന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. അനിലിന്റേയും ഗംഗയുടെയും വിവാഹ വാര്‍ഷിക ദിവസം ആണ് വീട്ടിലേക്ക് പുതിയ അതിഥി വരുന്ന വാര്‍ത്ത പുറത്തുവന്നത്.