സോഷ്യൽമീഡിയയിൽ ഹിറ്റ് ആയി വീണ്ടുമൊരു രാഹുൽ രവി ചിത്രം. ആരേയും വിസ്മയിപ്പിക്കുന്ന ഈ ചിത്രത്തിന് പറയാൻ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന്റെ കഥയുണ്ട്. സോഷ്യൽമീഡിയയിൽ വൈറലായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ രാഹുൽ രവിയുടേതാണ് ഈ ചിത്രം.
മഴയിൽ കുതിർന്ന ഗണപതി വിഗ്രഹത്തെ സംരക്ഷിക്കുന്ന എലിക്കുഞ്ഞുങ്ങളാണ് ചിത്രത്തിനെ മനോഹരമാക്കുന്നത്. വിശ്വാസ പ്രകാരം ഗണപതിയുടെ വാഹനമാണ് എലി. ഈ എലികളും ഗണപതിവിഗ്രഹവും മഴയും ചേമ്പില കുടയും ചേരുന്ന ഈ ചിത്രം ആരേയും അമ്പരപ്പിക്കുന്ന ഒരു സൃഷ്ടിയാണ്.
ചേമ്പില കൊണ്ട് കുട തീർക്കുന്ന എലികളാണ് ഈ ചിത്രത്തിന്റെ സവിശേഷത. വളരെ അനുസരണയോടെ എങ്ങനെയാണ് എലികൾ ചിത്രത്തിന് പോസ് ചെയ്തതെന്ന് ആർക്കും സംശയം തോന്നും. ഈ മൂന്ന് എലികളേയും താൻ വളർത്തുന്നതാണെന്നും ഈ ഒരു ചിത്രത്തിനായി മാസങ്ങളായി എലികളെ പരിശീലിപ്പിക്കുകയാണെന്നും രാഹുൽ രവി ബിഗ് ന്യൂസിനോട് പറഞ്ഞു. രണ്ട് മണിക്കൂറുകൾ കൊണ്ട് ആയിരത്തിലധികം ക്ലിക്കുകൾക്ക് ഒടുവിലാണ് തനിക്ക് ഇഷ്ടപ്പെട്ട ചിത്രം ക്യാമറയിൽ പതിഞ്ഞതെന്നും രാഹുൽ പറയുന്നു. ചിത്രമെടുക്കാനായുള്ള പ്രയത്‌നവും വീഡിയോയിൽ പകർത്തിയിരുന്നു രാഹുൽ. ഇപ്പോൾ യുട്യൂബിലടക്കം ട്രെൻഡിങായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോയും.
ക്ഷമയും അർപ്പണ ബോധവും കലയെ എത്രമാത്രം മനോഹരമാക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ജനങ്ങൾ ഏറ്റെടുത്ത ഈ ചിത്രം.
Discussion about this post