വിക്രം വേദ, നേര്‍കൊണ്ട പാര്‍വൈ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പതിനാലാമത്തെ വയസില്‍ താന്‍ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയതിനെ കുറിച്ചാണ് താരം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.
‘എനിക്ക് അന്ന് പതിനാല് വയസായിരുന്നു. ഞാന്‍ കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. എന്റെ അമ്മ അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് ഞാന്‍ വിഷമത്തോടെ ഈ കാര്യം പറഞ്ഞു. കാരണം ഞാന്‍ അന്ന് സാനിറ്ററി പാഡ് കൈയ്യില്‍ കരുതിയിരുന്നില്ല.
ഞങ്ങളുടെ തൊട്ടടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുള്ള മുഖം കണ്ടും ഞാന്‍ പറഞ്ഞ കാര്യം കേട്ടും എന്നെ ആശ്വസിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും(പൂജയുടെ സമയത്ത് ആര്‍ത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്ക് പതിനാല് വയസായിരുന്നു’ എന്നാണ് ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. താരത്തിന്റെ ഈ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
Discussion about this post