ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ ആര്യന്‍ മേനോന്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. അധ്വാനത്തിന്റെ മൂല്യം തിരിച്ചറിയാത്ത മതഭ്രാന്ത് കയറി തലയില്‍ ഇരുട്ട് കയറിയവരോട് എന്ത് പറയാന്‍ എന്നാണ് ആര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മനുഷ്യത്വം ഉള്ളവര്‍ക്കേ കലയിലെ സൗന്ദര്യം കാണാന്‍ സാധിക്കുകയുള്ളൂവെന്നും 80 ലക്ഷം രൂപയില്‍ 100 പേരുടെ അധ്വാനമാണ് ചില ‘ദൈവസംരക്ഷകര്‍ ‘ ഇങ്ങനെ തകര്‍ത്ത് കളഞ്ഞതെന്നും ഈ ഹീന കാര്യം ചെയ്തത് മാത്രമല്ല, അവരെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങളും ഫോണ്‍ നമ്പര്‍ അടക്കം പോസ്റ്റ് ചെയ്തത് സമൂഹത്തിന് നേരെയുള്ള വെല്ല് വിളിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് കഴിഞ്ഞ ദിവസം വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത് കളഞ്ഞത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ആര്യന്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
മിന്നല്‍ മുരളി എന്ന് സിനിമക്ക് വേണ്ടി 80 ലക്ഷം രൂപയില്‍, 100 പേരുടെ അധ്വാനമാണ് ഇത്. അതിനെയാണ് ആണ് അവസാന ഫോട്ടോയില്‍ കാണുന്ന പോലെ ചില ‘ദൈവസംരക്ഷകര്‍ ‘ ഇങ്ങനെ തല്ലി തകര്‍ത്ത് ഇട്ടിരിക്കുന്നത്. അധ്വാനത്തിന്റെ മൂല്യം തിരിച്ചറിയാത്ത മതഭ്രാന്ത് കയറി തലയില്‍ ഇരുട്ട് കയറിയവരോട് എന്ത് പറയാന്‍?? നോക്കൂ, എന്ത് ഭംഗിയാണ് ഈ സെറ്റ് വര്‍ക്കിന്. ഇത് കലയാണ്.മനുഷ്യത്വം ഉള്ളവര്‍ക്കേ കലയിലെ സൗന്ദര്യം കാണാന്‍ സാധിക്കൂ.
ഈ ഹീന കാര്യം ചെയ്തത് മാത്രമല്ല. ഈ കാര്യം ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങളും ഫോണ്‍ നമ്പര്‍ അടക്കം പോസ്റ്റ് ചെയ്തത് സമൂഹത്തിന് നേരെയുള്ള വെല്ല് വിളിയാണ്. മിന്നല്‍മുരളി ടീമിനൊപ്പം.
Discussion about this post