അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ആന്‍ അഗസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അച്ഛന് അഗസ്റ്റിനുമൊത്തുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് ആനിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.
‘പലപ്പോഴും ഞാന്‍ അച്ഛനെ ഉറക്കെ വിളിക്കാറുണ്ട്. അച്ഛന് ആ വിളിക്ക് മറുപടി നല്കിയിരുന്നെങ്കില് എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്. പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന് ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ.അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു’ എന്നാണ് ആന്‍ കുറിച്ചത്.
2013 ല്‍ കിഡ്നി തകരാറായതിനെ തുടര്‍ന്നാണ് അഗസ്റ്റിന് അന്തരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടന് അഗസ്റ്റിന്റെ മകളായ ആന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Discussion about this post