ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം മറ്റന്നാള്‍ കൊച്ചിയില്‍ എത്തും. പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി എന്നിവര്‍ അടങ്ങുന്ന 58 അംഗ സംഘമാണ് മറ്റന്നാള്‍ കൊച്ചിയില്‍ എത്തുക. ഡല്‍ഹി വഴിയുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇവര്‍ എത്തിച്ചേരുക. ചിത്രീകരണത്തിനായി ജോര്‍ദാനിന്‍ എത്തിയ പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവിടെ ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.
ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യാ വിമാനം നാളെയാണ് ജോര്‍ദാനിലെത്തുക. ജോര്‍ദാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഉണ്ട്.
കഴിഞ്ഞ ദിവസമാണ് ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫെബ്രുവരി 29 നാണ് പൃഥ്വിയുള്‍പ്പെടുന്ന സംഘം ജോര്‍ദാനിലേക്ക് തിരിച്ചത്. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്.