കൊച്ചി: വിജയ് ബാബുവിന്റെയും ജയസൂര്യയുടേയും ചിത്രങ്ങള്‍ കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവാണ്. ലോക്ക് ഡൗണ്‍ കാരണം തിയ്യേറ്ററുകള്‍ അടച്ചതോടെ ചിത്രം ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകായിരുന്നു. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലുളള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു പുതുമുഖ നിര്‍മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കില്‍ മനസിലാക്കാനാകുമെന്നും എന്നാല്‍ വലിയ ഹിറ്റുകള്‍ നേടിയ നിര്‍മാതാവും നടനും നടത്തിയ നീക്കം ഒട്ടും അംഗീകരിക്കാനാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു.
ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
‘സിനിമ തീയേറ്റില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത്’, അദ്ദേഹം വ്യക്തമാക്കി.
Discussion about this post