നില്ല് നില്ല് ചലഞ്ച് പരിധി വിടുന്നുവോ? ഒരു ആര്‍ട്ടിനെ പിന്തുടരുക എന്നതിന് പകരം പോപ്പുലറാകുന്നതിന്റെ പുറകെ പോകുക എന്നതാണ് അപകടം ; പ്രതികരണവുമായി ജാസി ഗിഫ്റ്റ്

2004 ല്‍ റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്ത പാട്ടാണ് നില്ല് നില്ല്

ടിക് ടോക് പോലെത്തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് അതിലെ നില്ല് നില്ല്… ചലഞ്ചും. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീണ് വാഹനം തടഞ്ഞ് പച്ചിലയുമായി അഭ്യാസം കളിക്കുന്ന ചലഞ്ച്. വണ്ടിയുടെ ബ്രേക്ക് ചവിട്ടാന്‍ ഒരു നിമിഷം വൈകിയാല്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന മരണക്കളി. പോലീസുപോലും ഇതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ടിക് ടോക് ചലഞ്ചില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയ സാക്ഷാല്‍ ജാസി ഗിഫ്റ്റ്.

2004 ല്‍ റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്ത പാട്ടാണ് നില്ല് നില്ല്. ടിക് ടോകിലെ ഈ ചലഞ്ച് പരിധി വിടുന്നുണ്ടെന്ന് തന്നെയാണ് ജാസി ഗിഫ്റ്റിന്റെ അഭിപ്രായം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാട്ടിന് ലഭിക്കാതെ പോയ ഹൈപ്പ് ഇപ്പോള്‍ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്. അതേസമയം ഒരു ഫണ്‍ എലമെന്റ് എന്നതില്‍ കവിഞ്ഞ് മുകളിലേക്ക് പോയെന്ന് ജാസി ഗിഫ്റ്റ് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു
.

പഴയ പാട്ട് ഈ തരത്തില്‍ ഹിറ്റ് ആയതില്‍ അതിന്റെ നിര്‍മ്മാതാവ് എന്ന രീതിയില്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ചലഞ്ചിന് പുറകിലെ അപകടം ആ സന്തോഷം ആസ്വദിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് സത്യമെന്ന് അദ്ദേഹം പറയുന്നു.

ഒരു ആര്‍ട്ടിനെ പിന്തുടരുക എന്നതിന് പകരം പോപുലറാകുന്നതിന്റെ പുറകെ പോകുക എന്നത് തന്നെയാണ് ഇതിലെ അപകടം. യുവത്വം അങ്ങനെയാണല്ലോ? അത്തരത്തില്‍ ഈ ഗാനം ഇങ്ങോട്ട് എത്തപ്പെട്ടു എന്ന് വേണം കരുതാന്‍. നില്ല് നില്ല് എന്ന വരികളില്‍ നില്‍ക്കുക എന്നതിന് പകരം തടഞ്ഞ് നിറുത്തുക എന്ന അര്‍ത്ഥം കണ്ടെത്തി ഇങ്ങോട്ട് എത്തിപ്പെടുകയായിരുന്നു. ഈണവും മാച്ചായി വരികയും ചെയ്തു.ഫേസ്ബുക്കില്‍ എന്റെ ടൈം ലൈനില്‍ വരുന്ന എല്ലാ നില്ല് നില്ല് ചലഞ്ചും കാണാറുണ്ട്. എന്നാലും ഇതിലെ അപകടം മുന്നില്‍ കാണണമെന്നാണ് എന്റെ അഭിപ്രായം ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു.

Exit mobile version