കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. ഇപ്പോഴിതാ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് തന്റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുകയാണ് തമിഴ് സംവിധായകന്‍ ഹരി. താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സ്ഥിരം വാങ്ങുന്നതില്‍ നിന്ന് 25 ശതമാനം കുറഞ്ഞ തുകയേ കൈപ്പറ്റൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
‘കൊവിഡ് മഹാമാരിയും അതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണും സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളുടെ സുസ്ഥിതിയില്‍ മാത്രമേ സിനിമാ മേഖലയും നന്നാവൂ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അടുത്ത സിനിമ അറുവായില്‍ എന്റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു’ എന്നാണ് അദ്ദേഹം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
സൂര്യയെ നായകനാക്കി ഒരുക്കുന്ന ‘അറുവാ’ ആണ് ഹരിയുടെ പുതിയ ചിത്രം. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക. സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഹരിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് തമിഴ് സിനിമാലോകത്തെ നിരവധി പേര്‍ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തേ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയും നടന്‍ ഹരീഷ് കല്യാണും തങ്ങളുടെ പ്രതിഫലം കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
Director #Hari decides to reduce his remuneration by 25% for his next big film @Suriya’s #Aruvaa produced by @kegvraja. Well done Hari. pic.twitter.com/3eDRtg9EdO
— Sreedhar Pillai (@sri50) May 7, 2020