ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത മനുഷ്യനാണ്; മോഹന്‍ലാല്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചതിന്റെ സന്തോഷത്തില്‍ ഹരീഷ് പേരടി

തൃശ്ശൂര്‍: ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. കൊറോണ കാലത്ത് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു ഹരീഷ് പേരടി.

രാജ്യമൊന്നടങ്കം കൊറോണ പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ മോഹന്‍ലാല്‍ തന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആദ്യം നഴ്സുമാരെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയുമാണ് മോഹന്‍ലാല്‍ വിളിച്ചിരുന്നത്.

ഇവരുമായി വീഡിയോ ചാറ്റും താരം ചെയ്തിരുന്നു. പിന്നാലെ തന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും വിളിച്ച് വിവരങ്ങള്‍ തിരക്കി. മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളെയാണ് മോഹന്‍ലാല്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചത്.

മോഹന്‍ലാല്‍ വിളിച്ച് സുഖവിവരങ്ങള്‍ തിരക്കിയതിന്റെ സന്തോഷം പലതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വിളിയെത്തിയതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടിയും.

‘അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി’ എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി…റെഡ്ചില്ലിസ്,ലോഹം,പുലിമുരുകന്‍,കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ നാലു സിനിമകളിലും ആ സ്‌നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാന്‍ …പ്രത്യേകിച്ചും നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന് …എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു…..

Exit mobile version