ചെന്നൈ: തഞ്ചാവൂരിലെ ആശുപത്രികളെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ വിമര്‍ശനങ്ങള്‍ നേരിട്ട നടി ജ്യോതികയെ പിന്തുണച്ച് സംവിധായകന്‍ ശരവണന്‍ രംഗത്ത്. ജ്യോതിക അഭിനയിച്ച രാക്ഷസി എന്ന ചിത്രം തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെയാണ് സിനിമ ചിത്രീകരിച്ച തഞ്ചാവൂരിലെ ആശുപത്രികളെക്കുറിച്ചുള്ള സത്യങ്ങള്‍ താരം വെളിപ്പെടുത്തിയത്.
ആശുപത്രികളില്‍ കുട്ടികള്‍ പിറന്നുവീഴുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ക്ഷേത്രങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതിനൊപ്പം സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നായിരുന്നു ജ്യോതിക പറഞ്ഞത്. ഇത് പിന്നീട് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
ക്ഷേത്രങ്ങളെ പേരെടുത്ത് വിമര്‍ശിച്ചതിനെതിരെ ഒരു വിഭാഗം ജ്യോതികയ്‌ക്കെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ജ്യോതികയ്ക്ക് പിന്തുണ അറിയിച്ച് രാക്ഷസി സിനിമയുടെ സംവിധായകന്‍ ശരവണന്‍ എത്തിയത്. സിനിമ ചിത്രീകരണത്തിനായി തഞ്ചാവൂരിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ജ്യോതിക ഇത്തരത്തില്‍ പ്രതികരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
”സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് തഞ്ചാവൂരില്‍ എത്തിയത്. വേണമെങ്കില്‍ ഞങ്ങള്‍ക്ക് ചെന്നൈയില്‍ സെറ്റിടാമായിരുന്നു. എന്നാല്‍ തഞ്ചാവൂരിലെ ജീവിതത്തിന്റെ നേര്‍കാഴ്ച പ്രേക്ഷകരില്‍ എത്തിക്കാനാണ് ഞങ്ങള്‍ അവിടം തന്നെ തിരഞ്ഞെടുത്തത്.” എന്ന് സംവിധായകന്‍ വ്യക്തമാക്കി.
”അവിടെ ആശുപത്രിയില്‍ പ്രസവത്തിനായി സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡില്ലായിരുന്നു. മാത്രവുമല്ല, കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ജ്യോതികയുടെ പ്രസംഗം ആരെയും വിമര്‍ശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു” ശരവണന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post