മിമിക്രി താരം ഷാബുരാജ് വിടപറഞ്ഞു; ഓര്‍മ്മയായത് മലയാളിയെ കുടുകുടെ ചിരിപ്പിച്ച കലാകാരന്‍

തിരുവനന്തപുരം: ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കലാകാരന്‍ ഇനി അനശ്വരന്‍. ടെലിവിഷന്‍ രംഗത്തെ മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. 42 വയസ്സായിരുന്നു.

കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രിയപ്പെട്ട കലാകാരനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു കലാലോകവും സുഹൃത്തുക്കളും.

ടെലിവിഷന്‍ പരിപാടികളിലൂടെ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. റിയാലിറ്റി ഷോയില്‍ സൈക്കോ ചിറ്റപ്പനായി രംഗപ്രവേശം ചെയ്ത് കയ്യടി നേടിയ ഷാബുരാജ് കലാലോകത്തിന് സുപരിചിതനാണ്. നിര്‍ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നു വന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് കയ്യടി നേടുന്നത്.

കോമഡി സ്റ്റാര്‍സിന്റെ എപ്പിസോഡുകളാണ് ഷാബുരാജിനെ താരമാക്കിയത്. നടന്‍ സുരാജ് വെഞ്ഞാറമൂടും റിമി ടോമിയും അടക്കമുള്ള താരങ്ങള്‍ ഷാബുരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

ഷാബുരാജിന്റെ ഓര്‍മ്മകള്‍ ഗായിക റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കലാകാരന്‍ ആണ് ഷാബുവെന്ന് റിമി പറഞ്ഞു. ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. മികച്ചൊരു കലാകാരന്‍ ആയിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ പറ്റുന്നില്ല. ചേട്ടനെ ഒരുപാട് മിസ് ചെയ്യുമെന്നും റിമി ഇന്‍സ്റ്റാഗ്രിമില്‍ കുറിച്ചു. റിമി ടോമി ജഡ്ജായി ഏറെക്കാലം ഉണ്ടായിരുന്ന ഷോയിലൂടെയാണ് ഷാബുരാജ് തിളങ്ങിയത്.

Exit mobile version