‘ടിക് ടോക്ക് നിരോധിക്കണം, ഒന്നിനും കൊള്ളാത്ത ആളുകള്‍ക്ക് വേണ്ടിയുള്ളതാണ് ടിക് ടോക്ക്, ഇന്ത്യയില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ചൈനയെ അനുവദിക്കരുത്’; നടന്‍ കുശാല്‍ ടണ്ടന്‍

ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിക്കണമെന്ന് നടന്‍ കുശാല്‍ ടണ്ടന്‍. ചൈനീസ് ആപ്പായ ടിക് ടോക്ക് ഒന്നിനും കൊള്ളാത്ത ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യയില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ചൈനയെ അനുവദിക്കരുത് എന്നുമാണ് കുശാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. നടന്‍ വിവേക് ദാഹിയ ടിക് ടോക്കിനെ പിന്തുണച്ച് സംസാരിച്ചതിനു പിന്നാലെയാണ് വിമര്‍ശനവുമായി കുശാല്‍ ടണ്ടന്‍ രംഗത്ത് എത്തിയത്.

‘ചൈന കാരണം ഇപ്പോള്‍ ലോകം മുഴുവന്‍ കഷ്ടപ്പെടുകയാണ്. എന്നിട്ടും ഇന്ത്യക്കാരും മറ്റു പലരും അവര്‍ക്ക് എന്താണ് തിരിച്ചു നല്‍കുന്നതെന്നു നോക്കൂ, ടിക് ടോക്കിലൂടെയുള്ള വരുമാനം. ഒന്നിനും കൊള്ളാത്തവര്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവര്‍ക്കും വേണ്ടിയാണ് ചൈന ഈ ടിക് ടോക്ക ഉണ്ടാക്കിയിരിക്കുന്നത്. നമ്മളെ നോക്കൂ, എല്ലാവരുമിപ്പോള്‍ ടിക് ടോക്കിലാണ്. ടിക് ടോക്ക് നിരോധിക്കൂ. ടിക് ടോക്ക് ഇതുവരെ ഉപയോഗിക്കാത്തതില്‍ അഭിമാനം മാത്രം’ എന്നാണ് കുശാല്‍ ടണ്ടന്‍ കുറിച്ചത്.

അതേസമയം ടിക് ടോക്കിനെ പിന്തുണച്ച് നടന്‍ വിവേക് ദാഹിയ കുറിച്ചത് ഇങ്ങനെയാണ്, ‘ചൈനയില്‍ നിര്‍മ്മിച്ചത് കൊണ്ട് നമ്മള്‍ അത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരോട്, നിങ്ങള്‍ ഈ അഭിപ്രായം പറയാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നതും ഇതേ സ്ഥലത്തു തന്നെയാണ്. മാത്രമല്ല, വീട്ടിലുള്ളതില്‍ ശരാശരി ഏഴു മുതല്‍ പത്ത് വരെ ഉപകരണങ്ങള്‍ അവിടെ നിന്നു തന്നെ വരുന്നവയാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചൈനയാണ് ലോകത്തിന്റെ നിര്‍മ്മാണശാല. ഈ ആപ്പിന്റെ നിര്‍മ്മാതാവ് കൊറോണ വൈറസ് പടരാന്‍ കാരണക്കാരനല്ല എന്ന് എനിക്കുറപ്പുണ്ട്. കൂടാതെ രോഗമുക്തി നേടാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇന്ത്യയിലോ അല്ലെങ്കില്‍ ചൈനയിലോ നിര്‍മ്മിച്ചതാണ്. ഒരു രാജ്യം വാങ്ങുന്നവരാണെങ്കില്‍ മറ്റൊരു രാജ്യം വില്‍ക്കുന്നവരാണ്. പുരോഗതിയിലേക്ക് മുന്നേറാന്‍ രണ്ടുകൂട്ടര്‍ക്കും പരസ്പര സഹായം കൂടിയേ തീരൂ. അല്ലെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തത നേടണം. പക്ഷേ, അങ്ങനെയൊരു ഉദാഹരണം നിലവിലില്ല’ എന്നാണ് താരം കുറിച്ചത്.

Exit mobile version