കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ദിവസ വേതനക്കാരാണ് ഇതോടെ ദുരിതത്തിലായത്. പ്രതിസന്ധിയിലായ ദിവസവേതക്കാരെ സഹായിക്കുന്നതിനായി ഫെഫ്ക ആരംഭിച്ച കരുതല്‍ നിധിയില്‍ സഹായവുമായി എത്തിയ നടി ഐശ്വര്യ ലക്ഷ്മിക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംഘടന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടന താരത്തിന് നന്ദി അറിയിച്ചത്.
ഫെഫ്ക ആരംഭിച്ച കരുതല്‍ നിധിയിലേക്കുള്ള സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്നാണ് ഫെഫ്ക ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
പ്രിയ ഐശ്വര്യ ലക്ഷ്മി, ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ചതാണ് ‘കരുതല്‍ നിധി ‘പദ്ധതി.ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങള്‍ക്കൊപ്പം, വ്യവസായ രംഗത്ത് നിന്നും, ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം സുമനസുകള്‍ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു. ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളര്‍ത്താന്‍ ഇന്ത്യന്‍ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (AIFEC ) ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.
ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും .
സിനിമയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സഹസംവിധായകരും, ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്‍സും, സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും. ഇങ്ങിനെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ സ്‌നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .അവിസ്മരണീയ കഥാപാത്രങ്ങളാല്‍ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം,ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയുടെ ,ഫെഫ്കയുടെ അഭിനന്ദനങ്ങള്‍.
Discussion about this post