കൊച്ചി: സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കേരള ഫിലിം ചേംബര്‍. ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവ തുടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കില്‍ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്നും ഫിലിം ചേംബര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ചിത്രീകരണം നിര്‍ത്തിവെച്ചത് കൊണ്ടും തീയ്യേറ്ററുകള്‍ അടച്ചതും കാരണം സിനിമാ മേഖല വന്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നും ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
കൊവിഡ് 19 വൈറസ് ബാധയും അതിന് പിന്നാലെ വന്ന ലോക്ക് ഡൗണും കാരണം മലയാള സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. ഈസ്റ്റര്‍ വിഷു സീസണില്‍ ചിത്രങ്ങള്‍ പ്രദശിപ്പിക്കാന്‍ സാധിക്കാത്തത് മൂലം മുന്നൂറ് കോടിയുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങളുടെയടക്കം വ്യവസായനഷ്ടം അറൂന്നൂറ് കോടി കവിയുമെന്നാണ് സിനിമാമേഖലയുടെ വിലയിരുത്തല്‍.
Discussion about this post