‘കോഫീ വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സഹോദരിയ്ക്ക് ബലാത്സംഗ ഭീഷണി; ജാന്‍വി കപൂര്‍

ഷോയിലെ ഒരു ഗെയിമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് ജാന്‍വി വ്യക്തമാക്കി

‘കോഫീ വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ തന്റെ സഹോദരിയ്ക്ക് നേരെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും ഉണ്ടെന്ന് ജാന്‍വി കപൂര്‍. ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകളായ അന്‍ഷുലയ്ക്ക് നേരെയാണ് ഭീഷണി. ജാന്‍വിയെ സഹായിച്ചില്ല എന്ന കാരണത്താലാണ് അന്‍ഷുലയ്ക്ക് വളരെ മോശമായ ട്രോളുകളും ഭീഷണിയും നേരിടേണ്ടി വന്നത്. ആ ഷോയില്‍ അന്‍ഷുല പങ്കെടുത്തിരുന്നില്ല എന്നതാണ് സത്യം. താനും സഹോദരന്‍ അര്‍ജ്ജുന്‍ കപൂറുമായിരുന്നു ആ പരിപാടിയിലെ അതിഥികളെന്ന് ജാന്‍വി പറയുന്നു.

ഷോയിലെ ഒരു ഗെയിമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് ജാന്‍വി വ്യക്തമാക്കി. ഈ ഷോയ്ക്കിടയില്‍ കപൂര്‍ കുടുംബത്തിലെ ആരെയെങ്കിലും വിളിച്ച് തന്നോട് ഹായ് പറയാന്‍ കരണ്‍ ആവശ്യപ്പെട്ടു. ആദ്യം വിളിച്ച് ഹായ് പറയുന്ന ആളാണ് മത്സരത്തില്‍ വിജയിക്കുക. ജാന്‍വി വിളിച്ചത് അന്‍ഷുലയെ ആയിരുന്നു. കരണിനോട് ഹായ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്‍ഷുല അനുസരിക്കാതെ മിണ്ടാതിരുന്നു. അങ്ങനെ അര്‍ജ്ജുന്‍ ഷോയില്‍ വിജയിച്ചു. അര്‍ജ്ജുന്‍ ആദ്യം തന്നെ അന്‍ഷുലയോട് ജാന്‍വി പറയുന്നത് ചെയ്യരുതെന്ന് ആവശ്യപ്പട്ടിരുന്നു. അതുകൊണ്ടാണത്രേ അന്‍ഷുല മറുപടി നല്‍കാതിരുന്നത്. വളരെ തമാശയായി ചെയ്ത ഒരു കാര്യമാണിതെന്ന് ജാന്‍വി വെളിപ്പെടുത്തുന്നു. അതിന്റെ പേരില്‍ ബലാത്സംഗ ഭീഷണി ശരിയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

പിറ്റേന്ന് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സഹോദരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ വന്‍വിമര്‍ശനമാണ് ഉണ്ടായത്. അന്‍ഷുലയ്‌ക്കെതിരെ വളരെ മോശമായ ട്രോളുകളും ബലാത്സംഗ ഭീഷണിയും വരെയുണ്ടായി. താന്‍ ഫോണില്‍ വിളിച്ചപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അന്‍ഷുല കേട്ടില്ല. അതിനാലാണ് അവള്‍ മറുപടി പറയാതിരുന്നത് എന്ന് ജാന്‍വി മറുപടിയും കൊടുത്തിരുന്നു. എന്നാല്‍ ട്രോളുകള്‍ക്ക് എതിരെ കടുത്ത ഭാഷയിലാണ് ഇവരുടെ സഹോദരന്‍ അര്‍ജ്ജുന്‍ കപൂര്‍ പ്രതികരിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അര്‍ജുന്റെ പ്രതികരണം.

Exit mobile version