തമിഴ് നടൻ രാഘവ ലോറൻസ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3 കോടി സംഭാവന നൽകിയ സംഭവത്തിന് പിന്നാലെ മലയാളത്തിലേതുൾപ്പടെയുള്ള സൂപ്പർതാരങ്ങളെ പരിഹസിച്ച് നടൻ ഷമ്മി തിലകൻ. പുതിയ ചിത്രത്തിന് അഡ്വാൻസ് ലഭിച്ച മൂന്ന് കോടി രൂപ സംഭാവന നൽകുന്നുവെന്ന രാഘവ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് ഷമ്മി തിലകന്റെ പരിഹാസവും വിമർശനവും കലർത്തിയ പോസ്റ്റ്.
രാഘവ ലോറൻസിന്റെ സംഭാവന കാര്യം അറിഞ്ഞ് തമിഴിലെയും,തെലുങ്കിലെയും മലയാളത്തിലെയും സൂപ്പർ താരങ്ങൾ ഉൽകണ്ഠാകുലർ ആണെന്നും ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാത്ത പതിനഞ്ചര കമ്മിറ്റി കൂടിയാലോചന നടത്തുന്നുതായും അറിയുന്നുവെന്ന് താരസംഘടന അമ്മയെ പരോക്ഷമായി ഷമ്മി തിലകൻ വിമർശിച്ചു.
അമ്മ സംഘടനയിൽ അധീശത്വം ഉള്ളവർ എന്ന് കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ പറഞ്ഞതും ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ച മലയാള സിനിമ നിയന്ത്രിക്കുന്ന 15 അംഗ ലോബിയെയുമാണ് പരാമർശിച്ചതെന്ന് ഷമ്മി വിശദീകരിക്കുന്നുണ്ട്. അമ്മയുടെ സൂപ്പർബോഡി എന്ന പേരിൽ അമ്മ അംഗങ്ങളുടെ ഇടയിൽ കുപ്രസിദ്ധി നേടിയവരുമായ ‘ചില’ മഹൽവ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ ‘സൂപ്പർ ബോഡിക്കാർ’ ‘തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും’; എന്നാൽ, ‘ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടൻമാർക്ക് പോലും കഴിയാതെ പോയി’ എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ ഖ്യാതിയുള്ള നടന്മാർ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചതെന്നും ഷമ്മി തിലകൻ. ചേട്ടൻ എത്രയാണ് സംഭാവന നൽകിയത് എന്ന കമന്റിലെ ചോദ്യത്തിന് കുറച്ചു നാളുകളായി ചെയ്ത ജോലിക്കുള്ള കൂലി പോലും തരാൻ മുതലാളിമാർ കൂട്ടാക്കുന്നില്ല. അതിനാൽ സംഭാവന നൽകാൻ കൈയിൽ തൽക്കാലം ഇല്ല. ഈ പോസ്റ്റിനെ തുടർന്ന് ഇനിയുള്ള ദിവസങ്ങളിൽ മലയാള സിനിമയിലെ കോടിപതികൾ നൽകാൻ പോകുന്ന കോടികളിൽ ഒരു ചെറിയ ഭാഗം എന്റേത് കൂടിയായി കരുതാവുന്നതാണ് എന്നും ഷമ്മി തിലകൻ മറുപടി പറയുന്നു.
Discussion about this post