ന്യൂഡൽഹി: ലോക്ക് ഡൗണിൽ പ്രതാപം വീണ്ടെടുത്ത് താരമായി ദൂരദർശൻ. ജനങ്ങൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ക്ലാസിക് പരമ്പരകൾ തിരികെക്കൊണ്ടുവന്ന് റെക്കോർഡ് പ്രേക്ഷകരെ നേടി അമ്പരപ്പിച്ചിരിക്കുകയാണ് ദൂരദർശൻ. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബിഎആർസി) റിപ്പോർട്ടനുസരിച്ച് അടച്ചിടൽ പ്രഖ്യാപിച്ചതു മുതൽ ഏപ്രിൽ മൂന്നുവരെയുള്ള കാലയളവിൽ ഇന്ത്യക്കാർ ഏറ്റവുമധികംകണ്ട ചാനൽ ദൂരദർശനാണ്. ബിഎആർസിയുടെ റിപ്പോർട്ടനുസരിച്ച് ദൂരദർശൻ ചാനലിനുമാത്രം 40,000 ശതമാനം പ്രേക്ഷകരാണ് ഇക്കാലയളവിൽ വർധിച്ചത്.
രാമായണത്തിനുപിന്നാലെ മഹാഭാരതം, ശക്തിമാൻ, ബുനിയാദ് എന്നീ പരമ്പരകളും ദൂരദർശൻ തിരികെയവതരിപ്പിച്ചിരുന്നു. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏകചാനലെന്ന പദവിയുള്ള കാലത്താണ് ഈ പരമ്പരകളിൽ ഭൂരിഭാഗവും ദൂരദർശൻ ആരംഭിച്ചത്. എന്നാൽ സ്വകാര്യ ചാനലുകൾ വന്നതോടെ ദൂരദർശന് തിരിച്ചടിയാവുകയായിരുന്നു.
അതേസമയം, രാജ്യത്തെ മൊത്തം ടെലിവിഷൻ ഉപയോഗത്തിന്റെ നിരക്ക് കൊറോണ ആരംഭിക്കുന്നതിനുമുമ്പുള്ളതിൽനിന്ന് 43 ശതമാനം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വാർത്താചാനലുകൾക്കും സിനിമാചാനലുകൾക്കും സ്‌പോർട്‌സ് ചാനലുകൾക്കുമൊക്കെയാണ് കൂടുതൽ പ്രേക്ഷകർ.
Discussion about this post