ഫഖ്‌റുദ്ധീൻ പന്താവൂർ
കൊച്ചി: പ്രവാസികളാണ് കൊറോണ വ്യാപനത്തിന് കാരണക്കാരാവുന്നതെന്ന പ്രചരണം ശക്തമാവുന്നതിനിടെ അരുൺസേതു അണിയിച്ചൊരുക്കിയ ‘ഓട് കൊറോണേ കണ്ടം വഴി’ എന്ന ഷോർട്ട് ഫിലിം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ദിവസങ്ങൾക്കകം 6 ലക്ഷത്തിലധികം കാണികളാണ് ചിത്രം കണ്ടത്.
ഇറ്റലിക്കാരന്റെ കുടുംബം കേരളത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കേരളത്തിൽ കൊറോണ പിടിമുറുക്കുന്നത് കണ്ടു ജനങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കാനാണ് ഈ ഷോർട്ട് ഫിലിം എടുത്തതെന്ന് അരുൺ പറയുന്നു.കൊറോണ കേരളത്തിൽ എത്തുന്നതും കേരളം കൊറോണയെ കീഴടക്കുന്നതുമാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം.
പന്ത്രണ്ടു മിനിറ്റുള്ള ഈ ഷോർട്ട് ഫിലിം കൊറോണ കേരളത്തിൽ എത്തുന്നത് രസപ്രദമായ രീതിയിൽ വിവരിക്കുകയും കൊറോണ പടരുന്നത് എങ്ങനെ എന്ന് വിശദമാക്കുകയും ചെയ്യുന്നുണ്ട്.കൊറോണ പടരുമ്പോൾ നമ്മൾ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് മലയാളികളെ ഓർമ്മിപ്പിക്കുക കൂടിയാണ് ‘ഓട് കൊറോണേ കണ്ടം വഴി’.എഡിറ്റിങ്, അഭിനയം, ക്യാമറ എന്നിവയിൽ എല്ലാം അരുൺസേതുവിന്റെ സാന്നിധ്യമുണ്ട്. റെജു കൊലിയക്കോട്, സന്തോഷ് വെഞ്ഞാറമ്മൂട്, അരുൺ സേതു, ജോബിൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.രാജേഷാണ് ക്യാമറ.
‘ഒരു സാമൂഹിക പ്രതിബദ്ധത നിലനിർത്താനാണ് ഷോർട്ട് ഫിലിം ചെയ്തതെന്ന് അരുൺ സേതു പറയുന്നു.കേരളം കൊറൊണ കീഴടക്കാൻ കൈക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെയും മുൻകരുതലുകളെയുമൊക്കെ പ്രശംസിക്കുന്നുണ്ട് ചിത്രം.ശബരിമല പ്രശ്‌നം വന്നപ്പോൾ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്ന അരുണിന്റെ ഷോർട്ട് ഫിലിം ഏറെ ശ്രദ്ധേയമായിരുന്നു.