ഓ ചെലിയ… എന്ന ഗാനം പാടി ശബ്ദമാധുര്യം കൊണ്ട് സംഗീതമാന്ത്രികന് സാക്ഷാല്‍ എആര്‍ റഹ്മാന്റെ പോലും മനം കവര്‍ന്ന ഗോദാവരി സ്വദേശിനി ബേബിയെ തേടി സൂപ്പര്‍താരം ചിരഞ്ജീവിയെത്തി. ചിരഞ്ജീവിയുടെ വലിയ ആരാധികയാണ് ബേബി. തന്റെ പ്രിയപ്പെട്ട ആരാധികയെ കാണാന്‍ ഭാര്യ സുരേഖയ്ക്കൊപ്പമാണ് ചിരഞ്ജീവി എത്തിയത്.
ചിരഞ്ജീവിയെ കണ്ട ബേബി വിശ്വസിക്കാനാവാതെ കരഞ്ഞുകൊണ്ടാണ് സ്വീകരിച്ചത്. ചിരഞ്ജീവിയുടെ ഭാര്യയാണ് താരത്തെ കാണാന്‍ അവസരമൊരുക്കിയത്. തന്റെ ഗ്രാമത്തില്‍ ചിരുവിനെ കാണുന്ന ആദ്യത്തെ സ്ത്രീ താനാണെന്ന് ബേബി പറഞ്ഞു. കൂടാതെ താരത്തിനും ഭാര്യക്ക് വേണ്ടി ഇഷ്ട ഗാനങ്ങള്‍ പാടാനും മറന്നില്ല.
കാതലന്‍ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എആര്‍ റഹ്മാന് സംഗീതം നല്കിയ ഓ ചെലിയ എന്ന ഗാനമാണ് ബേബി പാടിയത്. തമിഴിലെ എന്നവളെ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പായ ഈ പാട്ട് എആര്‍ റഹ്മാനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. സംഗീത സംവിധായകന് രഘു തന്റെ ചിത്രത്തില്‍ ബേബിക്ക് പാടാന്‍ അവസരം നല്‍കിയിട്ടുണ്ട്. അതുപോലെ സംഗീത സംവിധായകന് കോടിയുടെ മ്യൂസിക് ഷോയുടെ ഭാഗമാകാനും ബേബിക്ക് അവസരം ലഭിച്ചു.
Discussion about this post