സ്റ്റോറി / ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
(ഫോണ്‍ 9946025819)
ചൈനക്കാരനായ ബിസിനസ് പാര്‍ട്ടണര്‍ കഴിഞ്ഞ ദിവസം മനോഹരമായൊരു വീഡിയോ അയച്ചു. ട്രംപിന്റെ മാപ്പിളപ്പാട്ടാണ്. മലയാളിയുടെ അഭിമാനമായ അജ്മല്‍ സാബു എന്ന 24 കാരന്‍ എഡിറ്റ് ചെയ്ത അതേ ട്രോള്‍. അജ്മലിന്റെ ട്രോളുകള്‍ ഇപ്പോള്‍ ചൈനയിലും അമേരിക്കയിലുമൊക്കെ ഹിറ്റാണ്. എഡിറ്റിംഗ് എന്നാല്‍ ഇപ്പോള്‍ ഒരുപേരെയുള്ളൂ അജ്മല്‍ സാബു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കല്യാണ വീഡിയോകള്‍ എഡിറ്റ് ചെയ്ത് അജ്മല്‍ എഡിറ്റിംഗ് കരിയര്‍ തുടങ്ങുന്നത്. പ്ലസ്ടു കഴിഞ്ഞതോടെ പൂനെയിലെ മാക് എന്ന സ്ഥാപനത്തില്‍നിന്ന് മൂന്നു വര്‍ഷത്തെ ആനിമേഷനും ഫിലിം മേക്കിംഗും വിഷ്വല്‍ എഡിറ്റിംഗും പഠിച്ചു. ഒരു വര്‍ഷത്തെ ഇന്റ്റേര്‍ണണല്‍ കാലത്ത് തന്നെ മറാത്തി സിനിമക്ക് എഡിറ്റിംഗ് ചെയാനുള്ള അവസരം ലഭിച്ചു. എന്നില്‍ അവര്‍ക്കും എനിക്കും ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായെന്ന് അജ്മല്‍ പറയുന്നു.
നിവിന്‍പോളി നായകനായ ലൗവ് ആക്ഷന്‍ ഡ്രാമയുടെ സഹസംവിധായകനായ അജ്മല്‍ അതിലെ സൂപ്പര്‍ ഹിറ്റായ പാട്ട് എഡിറ്റും ചെയ്തു. ഈ സിനിമയടക്കം പല ചിത്രങ്ങളുടെയും ടീസറും ട്രയിലറും എഡിറ്റ് ചെയ്തതും അജ്മല്‍ തന്നെ..
രണ്ടുവര്‍ഷമായി ട്രോള്‍ വീഡിയോകളുടെ പിറകില്‍. ഇതിനകം 54 വീഡിയോകള്‍ തയ്യാറാക്കി. ഇതിന്റെ ഇരട്ടി നന്നായില്ലെന്ന് തോന്നി അപ് ലോഡ് ചെയ്യാതെ ഒഴിവാക്കിയിട്ടുണ്ട്. ബോളിവുഡും ഹോളിവുഡും മലയാളവും എല്ലാം അജ്മലിന്റെ കത്രികയിലൂടെ പുതിയൊരു സൃഷ്ടിയായി മാറും. ഏറ്റവും ഇഷ്ടപ്പെട്ട ട്രോള്‍ വീഡിയോ ഇലക്ഷന്‍ സമയത്തെ മോഡിയുടെ സംഗീതക്കച്ചേരിയായിരുന്നു. പിന്നെ റസ്സലിംഗ് താരത്തിന്റെ ‘ഗംഗേ…’ യും. പോപ്പിക്കുടയുടെ ട്രോളും ട്രംപിന്റെ മാപ്പിളപ്പാട്ടും ഏറെ ഇഷ്ടപ്പെട്ടതുതന്നെ. മൂന്നുനാലു മണിക്കൂര്‍ വേണം ഒരു ട്രോള്‍ ഉണ്ടാക്കിയെടുക്കാന്‍. ചുണ്ടനക്കമാണ് പ്രധാനമായും പരിഗണിക്കുക.
നിരവധി ആരാധകരാണ് ഇന്ന് അജ്മല്‍ സാബു എന്ന എഡിറ്റര്‍ക്ക്. കോട്ടയം ചങ്ങനാശ്ശേരിക്കാരനായ ഈ യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമക്ക് സ്വതന്ത്ര എഡിറ്ററാവുക എന്നതാണ്.
റസ്ലിങ് താരം ബിഗ്‌ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് ഈ എഡിറ്ററെ പലരും തിരിച്ചറിയാന്‍ തുടങ്ങിയത്. ഇപ്പോള്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ട്രോള്‍ വിഡിയോ കണ്ടവര്‍ ആദ്യം നോക്കുക അജ്മല്‍ സാബുവിന്റെ പേരാണ്. തലതല്ലി ചിരിക്കാന്‍ അജ്മലിന്റെ വീഡിയോകള്‍ കണ്ടാല്‍മതി.
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്ററാണ് ഇപ്പോള്‍ അജ്മല്‍ സാബു. സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ നീളുന്നു അജ്മലിന്റെ പ്രൊഫഷന്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്.
Discussion about this post