ന്യൂഡൽഹി: ആടുജീവിതം എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലെ മരുഭൂമിയിലെത്തിയ ഷൂട്ടിങ് സംഘത്തേയും ഒറ്റപ്പെടുത്തി കോവിഡ് പ്രതിസന്ധി. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് രോഗത്തെ പ്രതിരോധിക്കാനായി നിയന്ത്രണങ്ങൾ ഉടലെടുത്തത്. ഇതോടെ പ്രതിസന്ധിയിലായ പൃഥ്വിരാജ് ഉൾപ്പെടുന്ന സംഘത്തിന് ഒടുവിൽ ചിത്രത്തിന്റെ ചിത്രീകരണം തുടരാൻ അനുമതി ലഭിച്ചിരിക്കുകയാണ്.
58 പേരടങ്ങുന്ന സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം ശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകൻ ബ്ലെസി ആന്റോ ആന്റണി എംപിക്ക് അയച്ച മെയിലിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് അനുമതി ലഭിച്ചത്.
സർക്കാർ അനുമതിയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും വാദിറാം മരുഭൂമിയിൽ 58 പേരുടെ സംഘം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒറ്റപ്പെടുകയായിരുന്നു. ഏറിയാൽ പത്ത് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ കൈവശമുള്ളൂ. അന്തർ സംസ്ഥാന യാത്ര പോലും അനുവദനീയമല്ലാത്ത സാഹചര്യത്തിൽ അവശ്യ വസ്തുക്കൾ പോലും തീർന്നുപോകാനുള്ള സാഹചര്യമുണ്ട്. അതിനാൽ എത്രയും വേഗം രക്ഷാപ്രവർത്തനം നടത്താൻ അഭ്യർത്ഥിക്കുന്നു. ക്യാമ്പിൽ ജോർദാനിൽ നിന്നുള്ള ഡോക്റ്റർമാരും, ഇന്ത്യയിൽ നിന്നും സംഘത്തോടൊപ്പം എത്തിയ ഡോക്ടറും ഉണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമാ ചിത്രീകരണത്തിന് എത്തിയ സംഘത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിന് മെയിൽ അയക്കുകയായിരുന്നു. തുടർന്ന് നടപടികൾ വേഗത്തിലാവുകയും ചെയ്തു.
ഇതേതുടർന്ന് സംഘം ഏപ്രിൽ മാസം 10 വരെ ചിത്രീകരണം തുടരാൻ തീരുമാനിച്ചു. ജോർദാൻ എംബസിയോട് സംസാരിച്ച ശേഷം അവിടുത്തെ ലൈൻ പ്രൊഡക്ഷൻ സംഘം അവശ്യ സാധനങ്ങൾ ക്യാമ്പിൽ എത്തിക്കുമെന്ന് ഉറപ്പു നൽകിയതായും നന്ദി അറിയിച്ചു കൊണ്ടുള്ള ഇമെയിലിൽ ബ്ലെസി പറയുന്നു. എന്നാൽ തിരികെ ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യം അവ്യക്തമാണെന്നും ബ്ലെസി പറയുന്നുണ്ട്.
നേരത്തെ പൃഥ്വിരാജും സംഘവും ജോർദാനിൽ പെട്ടുപോയതോടെ ആശങ്കപ്പെട്ട ആരാധകരോട് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പ്രതികരണമറിയിച്ചിരുന്നു. പൃഥ്വിരാജ് സുരക്ഷിതനാണെന്നും ആശങ്ക വേണ്ടെന്നുമാണ് സുപ്രിയ പ്രതികരിച്ചിരുന്നത്.
Discussion about this post