തൃശ്ശൂർ: ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2വിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. പരിപാടിയിലെ മത്സരാർത്ഥിയായ ഡോ. രജിത് കുമാറിനെ പുറത്താക്കിയത് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന മത്സരാർത്ഥികൾക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. രജിത് കുമാറിനെ പുറത്തിക്കായതിന് പിന്നാലെ ഏഷ്യാനെറ്റിനും ബിഗ്ബോസിനുമെതിരെ വലിയ പ്രതിഷേധമാണ് രജിത് സർ ആർമി എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽമീഡിയയിലടക്കം നടത്തുന്നത്.
ഷോയ്ക്ക് ഇടയിലെ ടാസ്കിനിടയിൽ രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ച് ക്രൂരത കാണിച്ചതിനാണ് രജിത് കുമാറിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും പിന്നീട് ഇപ്പോൾ പുറത്താക്കുകയും ചെയ്തിരിക്കുന്നത്. ഇത് ആരാധകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബിഗ്ബോസിനെതിരെ തിരിയാൻ ആരാധകർ ഉന്നയിക്കുന്ന വാദങ്ങൾ ഇവയൊക്കെയാണ്: രജിത് കുമാറിന്റെ കൈയ്യൊടിച്ചപ്പോഴും അയാളെ ക്രൂരമായി മർദിച്ചപ്പോളും ഒന്നും ബിഗ്ബോസ് അവതാരകർക്ക് നൊന്തില്ല. അതിനെതിരായി ഒരു വിധിയുമില്ല. എന്നാൽ അദ്ദേഹം ചെറിയൊരു തെറ്റ് ചെയ്തപ്പോൾ അതിന് കാലു പിടിച്ചു മാപ്പ് പറഞ്ഞിട്ടും, രേഷ്മയുടെ കണ്ണുകൾ നഷ്ടപ്പെട്ടാൽ തന്റെ രണ്ടു കണ്ണുകളും ദാനം നൽകാമെന്നു പറഞ്ഞിട്ടും ബിഗ്ബോസോ രേഷ്മയോ മാപ്പ് നൽകാൻ തയ്യാറായില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.
സോഷ്യൽമീഡിയയിൽ നിറയുന്ന നിരവധി കമന്റുകളിൽ ചിലത് ഇങ്ങനെ, ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ മനസ്സിൽ എന്നും ഉണ്ടാകും രജിത് സർ, സർ ഞങ്ങൾക്ക് ഉയിരാണ്. സർ ഇല്ലെങ്കിൽ ഇനി ഞങ്ങൾ ബിഗ്ബോസ് കാണില്ല, ഏഷ്യാനെറ്റ് ചാനലിന്റെ ഒരു പ്രോഗ്രാമും ഞങ്ങൾ കാണില്ല.
അതിനിടെ, ആരാധന മൂത്ത് തലയിൽ കയറിയ ഒരു ആരാധകൻ രജിത്തിനെ പുറത്താക്കിയതിൽ മനംനൊന്ത് അദ്ദേഹത്തിന്റെ 42 ഇഞ്ച് സൈസ് ഉള്ള ടിവി എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. രജിത് സർ എന്റെ ജീവനാണ് അദ്ദേഹത്തെ പുറത്താക്കിയ ഏഷ്യാനെറ്റ് ചാനൽ ഇനി ഞാനോ എന്റെ കുടുംബമോ ഒരിക്കലും കാണില്ല.. ബിഗ്ബോസ് ടാസ്കിൽ വെച്ച് അദ്ദേഹത്തിന്റെ കൈയ്യൊടിച്ചപ്പോൾ ഈ വിധികർത്താക്കൾ എവിടെയായിരുന്നു.. അന്ന് ആർക്കും കൈയൊടിച്ചവർക്കെതിരെ വിധി നടപ്പാക്കണ്ടായിരുന്നോ.. എന്ന് തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയർത്തിയാണ് ആരാധകൻ ടിവി തല്ലിപ്പൊട്ടിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.