മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

മമ്മൂട്ടി-മഞ്ജു വാര്യര്‍ ജോഡി ആദ്യമായി ഒന്നിച്ചെത്തുന്ന ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ചിത്രീകരണം മാറ്റി വെച്ചത്.

അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായി കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ചിത്രത്തിലെ മമ്മൂട്ടിയുടെ പുരോഹിതന്റെ ലുക്കിലുള്ള പോസ്റ്റര്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version