സംസ്ഥാനത്ത് കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ സർക്കാരും ജനങ്ങളും ജാഗ്രതയിലാണ്. ഇതിനിടെ, രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബുധനാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയ്യേറ്ററുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 31 വരെ തുറക്കരുതെന്നാണ് നിർദേശം.
ഇതോടെ ഇപ്പോൾ തീയ്യേറ്റിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുൾപ്പടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം വരെ ഈ മാസം തീയ്യേറ്ററിൽ എത്തേണ്ടതായിരുന്നു. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാർച്ച് 26-നാണ് തീരുമാനിച്ചിരുന്നത്.
അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ തന്റെ പുതിയ ചിത്രമായ കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസിന്റെ റിലീസ് മാറ്റിവച്ച വിവരം ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. മാർച്ച് 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
ഇതോടൊപ്പെ ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന വാങ്ക് ഈ മാസമായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. തീയ്യേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ മാറ്റിവച്ചതായി കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post