‘ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്’; ടൊവീനോ ചിത്രം ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ന്റെ റിലീസ് മാറ്റി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടൊവീനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ന്റെ റിലീസ് മാറ്റി. ടൊവീനോ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണെന്നുമാണ് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചത്. മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയുമാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് പറയുന്നത്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ്‌മോന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ് ,ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘രണ്ട് പെണ്‍കുട്ടികള്‍’, ‘കുഞ്ഞു ദൈവം’ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -”കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘-ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം.
നിങ്ങളുടെ സ്വന്തം ടൊവീനോ തോമസ്.

Exit mobile version