മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മലയാള സിനിമാ ചരിത്രത്തില്‍ വലിയ ചരിത്രം കുറിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാനായതാണ് ലൂസിഫറിന്റെ വിജയമെന്നാണ് ആന്റണി പെരുമ്പാവൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘ലാല്‍സാറിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകും ലൂസിഫര്‍ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൃഥ്വിരാജിനെപ്പോലെ ഇത്രയും ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഒരു സംവിധായകനെ കണ്ടിട്ടില്ല. ഊണിലും ഉറക്കിലും അദ്ദേഹത്തിന് സിനിമ എന്ന ചിന്ത മാത്രമാണ്. ലാല്‍സാറിന്റെ രസകരമായ ചില മാനറിസങ്ങള്‍ കാണാന്‍ കൊതിക്കുന്ന പ്രേക്ഷകരുണ്ട്. അത്തരം കാര്യങ്ങള്‍ കൊടുത്താല്‍ പ്രേക്ഷകര്‍ എന്നും ഹാപ്പിയായിരിക്കും. അത് കണ്ടുപിടിച്ച് സിനിമ ചെയ്യുക എന്നത് ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും ജോലിയാണ്. അത്തരം ഒരു ജോലിയാണ് ലൂസിഫറിലൂടെ പൃഥ്വിരാജ് ചെയ്തത്.
അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ പൃഥ്വിരാജ് എന്ന സംവിധായകന്‍ ഇടം പിടിക്കും. ലൂസിഫര്‍ കണ്ടതിന് ശേഷം ഷാരൂഖ് ഖാനും രജനീകാന്തും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടെന്നും അവര്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് താന്‍’ എന്നുമാണ് ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post