ഫഖ്റുദ്ധീന്‍ പന്താവൂര്‍
പ്രശസ്ത സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് വാങ്ക്. മാര്‍ച്ച് 13ന് റിലീസാകുന്ന ചിത്രത്തില്‍ മികച്ച വേഷവുമായി എത്തുകയാണ് പൊന്നാനിക്കാരനായ കാശിനാഥന്‍. കുട്ടിക്കാലം മുതല്‍ക്കെ സിനിമാ സ്വപ്നവുമായി നടന്ന പൊന്നാനി കൊല്ലന്‍പടി സ്വദേശിയായ കാശിനാഥന്‍ അഞ്ചോളം ഷോര്‍ട്ടുഫിലിമുകളില്‍ അഭിനയിച്ചതിന്റെ കരുത്തിലാണ് സിനിമാ ഒഡീഷനുകളില്‍ പങ്കെടുത്തത്. വില്‍സന്റ് കാവില്‍പാട് സംവിധാനം ചെയ്ത ‘കാലന്‍വേണു ‘ വിലെ ചെറിയ വേഷത്തോടെയായിരുന്നു തുടക്കം.
അമ്പലപ്പുഴ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഇവള്‍ ഗോപികയില്‍ സെക്കന്റ് ഹീറോയായി. ഈ സിനിമ മാര്‍ച്ച് 13 ന് തീയ്യേറ്ററുകളിലെത്തും. സോളമന്റെ മണവാട്ടി സോഫിയ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കി സ്‌നേഹജിത്ത് സംവിധാനം ചെയ്യുന്ന ഹാജി ഗഫൂര്‍ക്ക ദോസ്ത് എന്ന സിനിമയിലെ നായകനും കാശിനാഥനാണ്.
പൊന്നാനി സ്‌കോളര്‍ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ കാശിനാഥന്‍ മുംബൈ മര്‍ച്ചന്റ് നേവിയില്‍ നാവികനായിരുന്നു.ഇതിനിടയില്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് നാട്ടിലെത്തി. വാങ്കില്‍ ചെറുതെങ്കിലും നല്ലൊരു വേശം കിട്ടിയതിന്റെ സന്തോഷത്തിലാണ് കാശിനാഥന്‍. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്ന മുഹമ്മദ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ശ്രീ ഔസേപ്പച്ചനാണ്. പിഎസ് റഫീക്കാണ് ഗാനരചന. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‌സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് വാങ്ക് നിര്‍മ്മിക്കുന്നത്.
ഇതാദ്യമായാണ് സംവിധാനവും തിരക്കഥയും രണ്ട് സ്ത്രീകള്‍ ചെയ്യുന്ന ഒരു ചിത്രം മലയാളത്തില്‍ വരുന്നത്. മണിപ്പാല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുള്ള കാവ്യ മിറിയാഡ് ആഡ് ഫിലിംസില്‍ മൃദുല്‍ നായരോടൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ ക്രിസ് ഗെയ്ല്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി ടെക് എന്ന സിനിമയില്‍ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള കാവ്യ സ്വതന്ത്ര സംവിധായിക ആകുന്ന ആദ്യത്തെ സിനിമയാണ് വാങ്ക്.
ക്ലാസിക്കല്‍ നൃത്ത വേദിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി ഷബ്ന മുഹമ്മദ് വാങ്കിലൂടെ തിരക്കഥാകൃത്താകുന്നു. വാങ്കില്‍ സുപ്രധാനമായ ഒരു വേഷവും ഷബ്ന കൈകാര്യം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ രണ്ട പ്രവര്‍ത്തന മേഖലകളില്‍ നിന്നും വരുന്ന കാവ്യയും ശബ്‌നയും ഒരുമിക്കുന്നത് തീര്‍ച്ചയായും സിനിമ പ്രേക്ഷകര്‍ക്ക് ഒരു നൂതനമായ അനുഭവം ആകുമെന്നതില്‍ സംശയമില്ല. സിനിമ ചര്‍ച്ച ചെയ്യുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അതിന്റെ സത്ത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകെട്ട്.
മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും ഡോണ്‍ മാക്‌സ് ട്രെയിലര്‍ എഡിറ്റിംഗും ചെയ്തിരിക്കുന്നു. ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ഉണ്ണി ആറും ആണ് വാങ്കിന്റെ കോ പ്രൊഡക്ഷന്‍. അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ , വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കില്‍ അണിനിരക്കുന്നുണ്ട്.
Discussion about this post