ട്രാന്‍സ്ജെന്‍ഡേഴ്‌സിന് വീട് നിര്‍മ്മിക്കാനായി ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ അക്ഷയ് കുമാര്‍ 1.5 കോടി നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകനും നടനുമായ രാഘവ ലോറന്‍സ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്ഷയ് കുമാര്‍ ഇത്രയും വലിയൊരു തുക സംഭാവ നല്‍കിയ വിവരം ആരാധകരുമായി പങ്കുവെച്ചത്.
അക്ഷയ് കുമാറിനെ നായകനാക്കി ലോറന്‍സ് രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്ഷ്മി ബോംബ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താന്‍ അക്ഷയ് കുമാറിനോട് ട്രാന്‍സ്ജെന്‍ഡേഴ്‌സിന് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയെ കുറിച്ച് പറഞ്ഞതെന്നും ഇത് കേട്ടയുടന്‍ അദ്ദേഹം ഉടന്‍ തന്നെ ഇത്രയും വലിയൊരു തുക സംഭാവനയായി നല്‍കുകയായിരുന്നു എന്നുമാണ് രാഘവ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്.
മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാവരെയും താന്‍ ദൈവത്തെ പോലെയാണ് കാണാറുള്ളതെന്നും അതുകൊണ്ട് തന്നെ ഇനി മുതല്‍ അക്ഷയ് കുമാര്‍ തനിക്ക് ദൈവത്തെ പോലെയാണെന്നും താരം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഭൂമി പൂജയുടെ തീയ്യതി വൈകാതെ എല്ലാവരെയും അറിയാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post