സിനിമാ മേഖലയില്‍ പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും നടന്‍ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാര്‍. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ടെന്നും പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചുവെന്നും വരലക്ഷ്മി പറഞ്ഞു.
ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വെയ്ക്കുമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
താന്‍ ഇത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നുവെന്നും 25 സിനിമകള്‍ ചെയ്തുവെന്നും വരലക്ഷ്മി പറഞ്ഞു.
25 നിര്‍മ്മാതാക്കള്‍ക്കും നല്ല സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു. ഇപ്പോഴും താന്‍ ജോലി തുടരുകയാണ്. 29ആം സിനിമയില്‍ ഒപ്പിട്ടു. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പറ്റില്ല എന്ന് പറഞ്ഞ് മുന്നോട്ടുപോകണമെന്നാണ് തന്റെ അഭിപ്രായമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ചില സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്പോള്‍ പരാതിപ്പെടുകയും ചെയ്യാറുണ്ട്. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത്തരത്തിലുള്ള ഓഫറുകള്‍ നിരസിച്ച് പൊരുതി മുന്നേറാന്‍ ശ്രമിക്കണമെന്നും താരം വ്യക്തമാക്കി.