ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ‘വണ്‍’. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് താരം എത്തുന്നത്. ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തേ 1991 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ മന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ ‘വണ്‍’ എന്ന ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലചന്ദ്രമേനോനാണ്.
‘തന്നെ അന്നെനിക്ക് എന്റെ ചിത്രത്തില്‍ മന്ത്രിയാക്കാനേ കഴിഞ്ഞുള്ളൂ, ഇവര്‍ തന്നെ മുഖ്യമന്ത്രിയാക്കി, അഭിനന്ദനങ്ങള്‍. ലൊക്കേഷനില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലിരിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ആദ്യമായി പറഞ്ഞ വാക്ക് ഇതാണ്. ചിത്രത്തിലെ ഒരു നിര്‍ണ്ണായകമായ സന്ദര്‍ഭത്തില്‍ എത്തുന്ന കഥാപാത്രമാണ് എന്റേത്. ഇതിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ആണ്. അവരുമായി എനിക്ക് നല്ല സൗഹൃമാണുള്ളത്.
അതുപോലെ തന്നെ മമ്മൂട്ടി എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കൊപ്പം ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സന്തോഷത്തോടെ ഞാനത് സ്വീകരിക്കും. വണ്ണില്‍ എനിക്കായി അവരൊരു വേഷം കരുതി എന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്. രാഷ്ട്രീയക്കാരനായി മമ്മൂട്ടി തിളങ്ങുന്ന മറ്റൊരു ചിത്രം കൂടിയായിരിക്കും വണ്‍’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ പറഞ്ഞത്.
Discussion about this post