അഖില്‍ പോള്‍ – അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് ടൊവീനോ തോമസിനെയും മംമ്ത മോഹന്‍ദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ഫോറന്‍സിക്’ എന്ന ചിത്രത്തിന് ഗംഭീര സ്വീകരമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 2.14 കോടി രൂപ നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്ക്കാരന് എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്.
രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ സംവിധായകരായ അഖില്‍ പോള്‍ – അനസ് ഖാന് എന്നിവര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലര്‍ മൂവികളില്‍ ഒന്നാണ് ഫോറന്‍സിക് എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post