ഫഖ്‌റുദ്ധീൻ പന്താവൂർ
ഈ വർഷം മലയാളസിനിമയിൽ ക്രൈം തില്ലറുകളുടെ നല്ല കാലമാണെന്ന് തോന്നുന്നു. മികച്ച സിനിമാനുഭവമായ അഞ്ചാം പാതിരയ്ക്കുശേഷം ടൊവിനോ നായകനായ ഫോറൻസിക് തിയേറ്ററുകളിലെത്തി. മലയാളസിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത കുറ്റാന്വേഷണരീതിയാണ് ഫോറൻസികിന്റെ പ്രത്യേകത. കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധികൂർമതയെയും കായികമികവിനെയുമൊക്കെ ഗ്ലോറിഫൈ ചെയ്യുന്ന ക്രൈം ത്രില്ലർ സിനിമകളാണല്ലോ പൊതുവെ ഉണ്ടാകാറ്. ഫൊറൻസിക് വിഭാഗത്തിന്റെ റോൾ ഒരു ഫിംഗർ പ്രിന്റ് കണ്ടെത്തലിൽ ഒതുക്കലാണ് പൊതുവെ. എന്നാൽ പതിവിൽനിന്നു വ്യത്യസ്തമായി ഫൊറൻസിക് സയൻസും ആ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനും നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഫോറൻസിക് എന്ന സയൻസ് സസ്‌പെൻസ് ത്രില്ലർ.
നഗരത്തിൽ ചെറിയ പെൺകുട്ടികളെ കാണാതാകുന്നു. ദിവസങ്ങൾക്കുശേഷം അവരുടെ മൃതദേഹം കണ്ടെത്തുന്നു. ആഴമേറിയ മുറിവുകളാണ് മരണകാരണം. പെൺകുട്ടികളാരും ലൈംഗികാതിക്രമണത്തിന് ഇരയായിട്ടുമില്ല. ആരാണ് കൊലയാളി? സീരിയൽ കില്ലറിലേക്കുള്ള അന്വേഷണമാണ് സിനിമ. ഇതിവൃത്തം ആവർത്തനമല്ലേ എന്ന് തോന്നും. എന്നാൽ ഞെട്ടിച്ചുകൊണ്ട് കൊലയാളിയെ നമുക്ക് തിരിച്ചറിയാനാകും. ഒരിക്കലും പ്രതീക്ഷിക്കാത്ത കൊലയാളി. അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് പിന്നെ സിനിമയുടെ സഞ്ചാരം. ഇതുതന്നെയാണ് ചിത്രത്തിന്റെ കരുത്തും.
കുറ്റവാളിയെ കണ്ടെത്തി പിടികൂടുന്ന പതിവുരീതിയിൽനിന്ന് മാറി കൊലയാളിയെ പ്രേക്ഷകനുമുമ്പിൽ കൊണ്ടുവന്നു നിർത്തി, കുറ്റാന്വേഷണത്തിന്റെ ഗതിയെ വിലയിരുത്തുന്ന പണി പ്രേക്ഷകന് വിട്ടു നൽകുകയാണ് ഫോറൻസിക്.സംവിധാനത്തിന്റെ വിജയമാണ് ഫോറൻസികിന്റെ മറ്റൊരു ബലം.
സാമുവൽ കാട്ടൂർക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായി ടൊവിനോ തോമസ് മികച്ചു നിന്നു.അന്വേഷണ ഉദ്ധ്യോഗസ്ഥയായ കമ്മീഷണർ റിഥികയുടെ റോളിൽ മംമ്തയും ഫോറൻസിക് അസിസ്റ്റന്റ് ശിഖയുടെ റോളിൽ റെബ മോണിക്കയും നല്ല പ്രകടനം നടത്തി. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. കുട്ടികളായി അഭിനയിച്ചവരുടെ പ്രകടനവും പ്രത്യേകം എടുത്തു പറയണം.
തിരക്കഥയും സംവിധാനവും നിർവഹിച്ച അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ആദ്യ ചിത്രം മോശമാക്കിയില്ല. ഇരുവരുടെയും തിരക്കഥയ്ക്ക് മാർക്ക് കൂടുതൽ നൽകേണ്ടി വരും.അത്രയ്ക്കും ശക്തമാണ് തിരക്കഥ. ഫോറൻസിക് സയൻസിന്റെ സകലമാന കാര്യങ്ങളും വിശദമായി തന്നെ ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ. സിസിടിവിയും മൊബൈൽ ഫോൺ ടവറും മാത്രമല്ല സാങ്കേതിക തെളിവുകൾ ലഭിക്കാനുള്ള മാർഗങ്ങളെന്നും ശാസ്ത്രീയമായ ഫോറൻസിക് കണ്ടെത്തലുകൾ എത്രത്തോളം ഒരു കേസന്വേഷണത്തിൽ പ്രധാനമാണെന്നും ഈ സിനിമ സാധാരണക്കാരന് മനസ്സിലാക്കിത്തരും. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഫോറൻസിക്.
ജേക്‌സ് ബിജോയുടെ സംഗീതമാണ് ചിത്രത്തെ കൂടുതൽ ത്രില്ലാക്കുന്നത്. സിനിമയുടെ കഥാപരിസരത്തിന് ആവശ്യമായ സീനുകളും ഭയപ്പെടുത്തുന്ന ഫ്രെയ്മുകളും അതിന്റെ ഭംഗി നഷ്ടപ്പെടാതെ ഒപ്പിയെടുക്കാൻ അഖിൽ ജോർജ്ജിന്റെ ക്യാമറകണ്ണുകൾക്കായിട്ടുണ്ട്. ഫോറൻസിക് മികച്ചൊരു സിനിമാനുഭവമാണ്. തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ത്രില്ലർ മൂവി. മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ മൂവികളുടെ പട്ടികയിൽ ഫോറൻസികുമുണ്ടാകും.
( അധ്യാപകനും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ.9946025819)
Discussion about this post