രാഷ്ട്രീയ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിഡ്ഢിത്തം; പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചതിന് തന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് മറുപടിയുമായി തപ്‌സി പന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിന് തന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് തപ്‌സി പന്നു രംഗത്ത്. തനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് ആളുകള്‍ പോയി സിനിമ കാണില്ലെന്ന് കരുതുന്നില്ലെന്ന് തപ്‌സി പന്നു പറഞ്ഞു.

തപ്‌സി പന്നുവിന്റെ ഥപട് എന്ന സിനിമ കാണരുതെന്ന് സോഷ്യല്‍ മീഡിയയിലാണ് ആഹ്വാനം. ബോയ്‌കോട്ട് ഥപട് ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ വന്നു. ഈ സംഭവത്തിലാണ് തപ്‌സി പന്നുവിന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തപ്‌സി പ്രതികരിച്ചത്.അഭിനേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അവരുടെ തൊഴിലിനെ ബാധിക്കരുതെന്ന് ഞാന്‍ കരുതുന്നുവെന്ന് തപ്‌സി പറഞ്ഞു.

ഒരു ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ വരാന്‍ 1000-2000 ട്വീറ്റുകള്‍ മതി. അത് ഒരു സിനിമയെ ബാധിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് ആളുകള്‍ പോയി സിനിമ കാണില്ലെന്ന് കരുതുന്നില്ലെന്ന് തപ്‌സി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിനേതാവ് ഒരിക്കലും ഒരു സിനിമയേക്കാള്‍ വലുതല്ല. ഒരു സിനിമയില്‍ നൂറു കണക്കിന് ആളുകള്‍ പങ്കാളികളാണെന്നും അതില്‍ ഒരാളുടെ സാമൂഹ്യ, രാഷ്ട്രീയ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിഡ്ഢിത്തമാണെന്നും അഭിമുഖത്തില്‍ തപ്‌സി പറഞ്ഞു.

Exit mobile version