മലയാള സിനിമാലോകത്തെ പ്രഖ്യാപിത-അപ്രഖ്യാപിത വിലക്ക് സമ്പ്രദായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്.
ഒരു കലാകാരനെ വിലക്കാൻ ആർക്കും അവകാശമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 23 വർഷമായി സിനിമാരംഗത്തെ അടുത്തറിയുന്ന ഒരാളെന്ന നിലയിൽ ഇതൊന്നും നീതീകരിക്കാനാവില്ലെന്നും വനിതയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
തന്നെ അമ്പരപ്പിക്കുന്ന മാറ്റം സിനിമാ മേഖലയിലെ പുതിയ വിലക്കുകളാണ്. കലാകാരനെ ആർക്കാണ് വിലക്കാൻ പറ്റുന്നത്? ഒരു കലാകാരന്റെ തൊഴിലിനെ നിർത്തിക്കുക ഇതൊന്നും നീതികരിക്കാനാവില്ല. ചർച്ച ചെയ്യാം, പ്രശ്‌നങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടാം. ഡിസിപ്ലിൻ ഉണ്ടാക്കാം. പക്ഷേ, വിലക്കാൻ പാടില്ല. 20 വർഷം മുൻപ് ഇത്തരം വിലക്കുകളെ പറ്റി നമ്മൾ കേട്ടിട്ടേയില്ല. ഇതാണ് മലയാളസിനിമയിലെ മാറ്റം.
പിന്നെ, ലഹരിയെക്കുറിച്ചു പറയുന്നു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൻ മേൽ ആർക്കും കൈ കടത്താനാവില്ല. ഈ കലാകാരന്മാരൊക്കെ മാന്യമായി ജീവിക്കുന്നവരാണ്. എനിക്കിഷ്ടമുള്ള നടീനടന്മാർ ആണ്. എന്റെ സിനിമയിൽ ആവശ്യമുള്ളതാരാണോ ഞാൻ അവരെ വച്ച് അഭിനയിപ്പിക്കും. ഒരാൾക്കും ഒരു സംഘടനയ്ക്കും ഇക്കാര്യത്തിൽ എന്റെ സിനിമയിൽ ഇടപെടാൻ ഞാൻ സമ്മതിക്കില്ല. തിലകൻ ചേട്ടനെതിരെ ഭയങ്കര എതിർപ്പുണ്ടായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ ‘ഇവിടം സ്വർഗമാണ്’ സിനിമയിൽ അഭിനയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post