ഫക്രുദ്ദീന്‍ പന്തവൂര്‍
മതമെന്ന ലഹരി ഉപയോഗിച്ച് ഭക്തി വ്യവസായം പടര്‍ന്നുപിടിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ്.സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച ഭക്തിവ്യവസായത്തിന് പുറകിലെ കള്ളക്കളികളെ തുറന്ന് കാണിക്കാനുള്ള അന്‍വര്‍ റഷീദിന്റെ ശ്രമങ്ങള്‍ക്ക് കയ്യടി നല്‍കിയേ തീരു. രണ്ടര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ മനോഹര സിനിമ തീയേറ്ററില്‍ തന്നെ കണ്ടറിയേണ്ട കാഴ്ച്ചാനുഭവമാണ്.
വിജു പ്രസാദ് എന്ന സര്‍വസാധാരണക്കാരനായ ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ കഥയാണ് ട്രാന്‍സ്. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികളേറ്റു വാങ്ങിയിട്ടും ആത്മവിശ്വാസം കൈ വിടാതെ ഉയരങ്ങളിലേക്ക് എത്താന്‍ കൊതിക്കുന്ന വിജു.ആയിരങ്ങളടങ്ങുന്ന വലിയൊരു സദസ്സിന് മുന്നില്‍ മോട്ടിവേഷന്‍ സ്പീച്ച് പ്രശസ്തിയും പണവും നേടാമെന്ന് സ്വപ്നം കാണുന്നൊരാള്‍.
കന്യാകുമാരിയിലെ ഒറ്റ മുറിയില്‍ നിന്ന് കോടിക്കണക്കിന് ആളുകളുടെ ആശ്രയമായി വിജു മാറുന്നു. ജോഷ്വാ കാല്‍ട്ടണ്‍ എന്ന പുതിയ പേരില്‍.ഫഹദ് ഫാസില്‍ എന്ന നടന്റെ അതിഗംഭീരമായ പ്രകടനം തന്നെയാണ് ട്രാന്‍സിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മിതത്വം വേണ്ടയിടത്ത് അങ്ങനെയും അതിഭാവുകത്വം വേണ്ടിടത്ത് അതും അമാനുഷികതയും അതിവൈകാരികതയും വേണ്ടിടത്ത് അവയും കൂട്ടിച്ചേര്‍ത്തുള്ള പ്രകടനം.
കോടികളുടെ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു മുന്നേറുന്ന വിജുവിന് പിന്നീട് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഭക്തി വ്യവസായത്തെ ഏറ്റവും ശക്തമായി അവതരിപ്പിക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം.
അമല്‍ നീരദിന്റെ ഛായാഗ്രഹണമാണ് ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്. സിനിമയെ മുഴുവന്‍ ഒരു താളത്തില്‍ ലയിപ്പിച്ചു കൊണ്ടു പോകുവാന്‍ പശ്ചാത്തല സംഗീതം ഒരുക്കിയ സുഷിന്‍ ശ്യാം ജാക്‌സണ്‍ വിജന്‍ കൂട്ടുകെട്ടിനായി. വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താവുന്ന വിഷയമാണ് ട്രാന്‍സ് കൈകാര്യം ചെയ്യുന്നത്. അതു മനോഹരമായി എഴുതിയിട്ടുണ്ട് വിന്‍സന്റ് വടക്കന്‍. കഥയും തിരക്കഥയും സംഭാഷണവും വിന്‍സന്‍തന്നെ.റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം അതിഗംഭീരം.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിംഗ് സ്റ്റെല്‍.ഒന്നാം പകുതി അതിഗംഭീരം എന്നു പറയാം. കൈവിട്ടു പോയേക്കാവുന്ന പല രംഗങ്ങളും സംവിധായകന്റെയും അഭിനേതാക്കളുടെയും കയ്യടക്കത്തില്‍ മികവോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടാം പകുതിയിലും അതേ ട്രാക്ക് പിന്തുടരുന്ന ചിത്രം
ആദ്യ പകുതിയോട് ചേര്‍ത്തുവെക്കുമ്പോള്‍ രണ്ടാം പകുതി ശരാശരിയിലൊതുങ്ങുന്നു.
എന്തു കൊണ്ട് ഈ സിനിമ ഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളില്‍ ഏറ്റവും പ്രധാനം ഫഹദിന്റെ പ്രകടനം തന്നെയായിരിക്കും. പലപ്പോഴും കാഴ്ചക്കാരുടെ വരെ കണ്ഠങ്ങള്‍ ഇടറിപ്പോകുമാറാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ എങ്ങനെയായിരിക്കണമെന്നത് ഫഹദ് കാണിച്ചുതരുന്നു.
കേരളത്തിലെ മുഴുവന്‍ മോട്ടിവേഷന്‍ സ്പീക്കര്‍മാരും ഒന്നിച്ചുവന്നാലും ഫഹദിന്റെ എനര്‍ജെറ്റിക്കായ പ്രകടനത്തിനുമുന്നില്‍ തോറ്റുപോകും.ഗൗതം വാസുദേവമേനോന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, നസ്രിയ, സൗബിന്‍ സാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ജിനു എബ്രഹാം എന്നിങ്ങനെ നീണ്ടു കിടക്കുന്ന താരനിരയും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി.
Discussion about this post