താന്‍ അഭിനയിച്ച സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ കാണാന്‍ നില്‍ക്കാറില്ലെന്ന് തുറന്ന് പറഞ്ഞ് നടന് സുരേഷ് ഗോപി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് എത്ര തവണ ടിവിയില്‍ വന്നാലും മുടങ്ങാതെ ഇരുന്നു കാണുമെന്നും പ്രാഞ്ചിയേട്ടന് കുറഞ്ഞത് 20 തവണയെങ്കിലും കണ്ടിട്ടുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മമ്മൂട്ടിയുടെ ഈ ചിത്രം പോലെ തന്നെ ഇഷ്ടമാണ് ജയസൂര്യ അഭിനയിച്ച കോക്ടെയില്‍ എന്ന ചിത്രമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ സിനിമകള്‍ തിയേറ്ററില്‍ നിന്നല്ലാതെ ടിവിയില്‍ വരുമ്പോള്‍ കാണാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ദുല്‍ഖര്‍ സല്മാന്, ശോഭന, കല്യാണി പ്രിയദര്ശന് തുടങ്ങിയവര്‍ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ മടങ്ങി വരവ്. അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രത്തില്‍ മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചിത്രം മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Discussion about this post