‘വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും ‘ഞാന്‍ വീടിന് മുന്നിലുണ്ടെന്ന്’. അപ്പോഴും മറുപടിയുണ്ടാവില്ല, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടി ശോഭനയുടെ സമ്മതം വാങ്ങാനായി അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് സംവിധായന്‍ അനൂപ് സത്യന്‍. ഒന്നരവര്‍ഷത്തോളമാണ് താന്‍ ഇക്കാര്യം ആവശ്യപ്പെട്ട് ശോഭനയുടെ പിറകെ നടന്നതെന്ന് അനൂപ് സത്യന്‍ തുറന്നുപറഞ്ഞു.
ശോഭനയും സുരേഷ് ഗോപിയും ഡേറ്റ് തന്നില്ലായിരുന്നുവെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നുവെന്ന് അനൂപ് സത്യന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശോഭനയുടെ സമ്മതത്തിനുവേണ്ടി താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ സംവിധായകന്‍ തുറന്ന് പറഞ്ഞത്.
‘വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും ‘ഞാന്‍ വീടിന് മുന്നിലുണ്ടെന്ന്’. അപ്പോഴും മറുപടിയുണ്ടാവില്ല. ഞാന്‍ തിരിച്ചുപോരും. ഇടക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും” അനൂപ് സത്യന്‍ പറഞ്ഞു.
‘എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.’ എന്നും അനൂപ് സത്യന്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു ദിവസം വീണ്ടും മാമിനെ കാണാന്‍ പറ്റി. അന്ന് എന്റെ മകള്‍ ഒപ്പമുണ്ടായിരുന്നു. മകളോട് ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് മാം ചോദിച്ചു. ആറാം ക്ലാസിലായിരുന്നുവെന്ന് അവള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസിലായിരുന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവിടെവെച്ചാണ് ഞങ്ങള്‍ കൈ കൊടുക്കുന്നത്. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നിട്ടുണ്ട്’ അനൂപ് സത്യന്‍ പറയുന്നു.
വലിയ ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും തിരിച്ചെത്തിയ ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.