അമ്മയുടെ മീറ്റിങില്‍ ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെപറ്റി സംസാരിച്ചപ്പോള്‍ തനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപേര് വീണിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ താനത് അത്ര കാര്യമാക്കിയിട്ടില്ലെന്നും ഇന്ന് ഡബ്ല്യൂസിസി വന്നശേഷം സിനിമ എന്ന വര്‍ക്ക് സ്പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പാര്‍വതി തുറന്ന് പറഞ്ഞു. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
2014ലാണ് തനിക്ക് ആ ഇരട്ടപ്പേര് വീണത്. സാനിട്ടേഷന്‍ പ്രശ്നങ്ങളും സെറ്റിലെ ലഹരി ഉപയോഗവുമെല്ലാം ‘അമ്മ’ മീറ്റിംഗില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് ബാത്റൂം പാര്‍വതി എന്ന ഇരട്ടപ്പേര് വീണത്. ‘കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള് കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. അതുപോലെ സാനിട്ടേഷന്‍ പ്രശ്നങ്ങള്‍’ പാര്‍വതി പറഞ്ഞു.
ഇരട്ടപ്പേര് വീണതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല. ശുചിത്വത്തെക്കുറിച്ചുും സ്ത്രീസുരക്ഷയെക്കുറിച്ചും താന്‍ ഇനിയും സംസാരിക്കുമെന്നും പാര്‍വ്വതി വ്യക്തമാക്കി. ഡബ്ല്യൂസിസി വന്നശേഷം ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ് ഡബ്ല്യൂ.സി.സി ചെയ്യുന്നത്. ഇനിയും എ.എം.എം.എയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുതെന്നും നടി വ്യക്തമാക്കി.
Discussion about this post