കൊച്ചി: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുള്ള സീരിയലിന് സ്റ്റേ. സീരിയലിന്റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ട്. കേസന്വേഷണം പൂര്‍ത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താല്‍ കേസിനെ ഇത് പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇപ്പോള്‍ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്ന സീരിയല്‍ നിരോധിക്കണം. എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്ജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു.
Discussion about this post