സിനിമാ ലോകം വ്യവസായത്തിന്റെ മാത്രമാണെന്ന് കുറ്റപ്പെടുത്തിയും സംവിധായകൻ അനുരാഗ് കശ്യപ് ഉൾപ്പടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചും ബോളിവുഡ് നടി നീന ഗുപ്ത. പ്രായമായവരുടെ വേഷത്തിലും യുവതികൾ തിളങ്ങുന്നത് പണം മുടക്കുന്നവരുടെ താൽപര്യമനുസരിച്ചാണെന്നും നീന ഗുപ്ത ആരോപിക്കുന്നു.
സിനിമ കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന ഒരു കച്ചവടമാണം. സിനിമ ഒരു വ്യവസായമാണ്. അവിടെ നിലനിൽക്കണമെങ്കിൽ നിങ്ങൾ വിൽക്കാൻ തയാറാകണമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നീന ഗുപ്ത ആരോപിച്ചു. ‘സാന്ത് കി ആങ്ഘ്’ എന്ന ചിത്രത്തിൽ അവസരം ചോദിച്ച് സഹനിർമ്മാതാവായ അനുരാഗ് കശ്യപിനെ വിളിച്ചപ്പോൾ ലഭിച്ച മറുപടി കേട്ട് താൻ ഞെട്ടിയെന്നും നീന പറഞ്ഞു.
‘ചിത്രത്തിൽ പ്രായമുള്ള സ്ത്രീ കഥാപാത്രം ചെയ്യുന്നതിനായാണ് അനുരാഗ് കശ്യപിനെ വിളിച്ചത്. ഈ കഥാപാത്രം ചെയ്യാൻ തയാറാണെന്നു പറഞ്ഞു. പക്ഷേ, അപ്പോൾ എനിക്കു മനസിലായി, സിനിമാ മേഖല എന്നത് വ്യവസായമാണെന്ന്. നിങ്ങൾക്കു വിൽക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ സിനിമയിൽ അവസരം ലഭിക്കും. അല്ലാത്തവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടും’. – നീന ഗുപ്ത പറയുന്നു.
തന്റെ കഥാപാത്രത്തിനു വേണ്ടത് പ്രായമായ സ്ത്രീ ആണെന്നും എന്നാൽ ചിത്രത്തിനായി പണം മുടക്കുന്നവർക്ക് വേണ്ടത് യുവതികളെയാണെന്നുമായിരുന്നു അനുരാഗ് കശ്യപിന്റെ മറുപടി. അതുകൊണ്ടാണ് ഈ മേഖല വ്യവസായമാണെന്നു പറയുന്നത്. വിൽക്കാനുണ്ടെങ്കിൽ നിങ്ങൾക്കു നേടാൻ കഴിയുമെന്നും നീന ഗുപ്ത പറഞ്ഞു.
Discussion about this post