ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഇടയിൽ ‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാൻ’ എന്ന ഗാനം ആലപിച്ചത് താനാണെന്ന് നടൻ മോഹൻലാൽ അവകാശപ്പെട്ടത് വൻവിവാദമായിരുന്നു. ഇതിന് പിന്നാലെ ഈ ഗാനം ചിത്രത്തിൽ ആലപിച്ച വിടി മുരളി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഒടുവിലിതാ ഈ വിവാദങ്ങൾക്ക് എല്ലാം അവസാനം കുറിച്ച് മോഹൻലാൽ തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
താൻ പാടിയത് എന്ന പരാമർശത്തിലൂടെ താൻ പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ബിഗ് ബോസ് വേദിയിൽ വെച്ച് ‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിലെ ഗാനം നടൻ ധർമജൻ ആലപിച്ചപ്പോൾ ‘ഇത് എന്റെ ചിത്രത്തിലെ, ഞാൻ പാടിയ പാട്ടാണ്’ എന്നായിരുന്നു താരം പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ഗായകൻ വിടി മുരളി മോഹൻലാലിന് എതിരായി രംഗത്തെത്തുകയായിരുന്നു. പാവങ്ങളുടെ പിച്ചചട്ടിയിൽ കൈയ്യിട്ടുവാരുന്നോ എന്നായിരുന്നു മുരളി ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വലിയ സൈബർ ആക്രമണംവും നടന്നിരുന്നു. മാങ്ങയുള്ള മാവിൽ കല്ലെറിയാൻ ആളുകളെത്തും എന്നായിരുന്നു ഗായകൻ മുരളിക്കെതിരെ ഉയർന്ന ആരോപണങ്ങൾ. ഈ വിവാദങ്ങൾക്ക് ഒടുവിലാണ് മോഹൻലാൽ ഇപ്പോൾ ക്ഷമ പറഞ്ഞിരിക്കുന്നത്.
”കഴിഞ്ഞ ആഴ്ചയിൽ ഒരാളോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ അദ്ദേഹത്തിന് ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ അറിയില്ലായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാൻ പാടിയ പാട്ടാണെന്ന്. ഞാൻ പാടി അഭിനയിച്ചു എന്നാണല്ലോ ഞാൻ അർഥമാക്കുന്നത്. 38 വർഷം മുൻപുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേർ അത് തെറ്റിദ്ധരിച്ചു, അത് ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാൻ അങ്ങനെയല്ല അർഥമാക്കിയത്. ഞാൻ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാൻ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതിൽ, അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിന് സോറി പറയുന്നു.”- മോഹൻലാലിന്റെ വാക്കുകളിങ്ങനെ. പി ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ 1985ലായിരുന്നു ഉയരും ഞാൻ നാടാകെ എന്ന ചിത്രം പുറത്തിറങ്ങിയത്.
Discussion about this post