ബോളിവുഡിൽ താരങ്ങൾക്ക് ഒപ്പം തന്നെ താരപുത്രന്മാരും പുത്രിമാരും വാർത്തകളിലെ താരങ്ങളാണ്. സെലിബ്രിറ്റി പരിവേഷമാണ് താരങ്ങളുടെ മക്കൾക്കും കൽപ്പിച്ചുകൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്യാമറ കണ്ണുകളെയും ഗോസിപ്പ് കോളങ്ങളേയും അവഗണിക്കാൻ അവർക്കും സാധിക്കില്ല. അതുകൊണ്ടൊക്കെ തന്നെ ബോളിവുഡിലെ സൂപ്പർതാരം ആമിർ ഖാനും കുടുംബവും വാർത്തകളിൽ നിറയുകയാണ്. മകൾ ഐറയ്ക്ക് പിന്നാലെയാണ് കുറച്ചുനാളായി ആരാധകർ. ഐറ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിനിടെയിലും ഐറ ആരെങ്കിലുമായി പ്രണയത്തിലാണോ എന്നാണ് ഇവർക്കെല്ലാം അറിയേണ്ടത്.
എങ്കിൽ ഒടുവിലിതാ അതിന് മറുപടിയുമായി ഐറാ ഖാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആമിറിന്റെ ആദ്യവിവാഹത്തിലെ മകളായ ഐറ സോഷ്യൽമീഡിയയിലൂടെ ആരാധകരുടെ സംശയം തീർത്തുകൊടുത്തിരിക്കുന്നത്. തന്റെ ബോയ് ഫ്രണ്ട് മിഷാൽ കൃപലാനിയാണെന്നാണ് ഐറയുടെ വെളിപ്പെടുത്തൽ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഐറ മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ആൺസുഹൃത്ത് ഐറയുടെ ബോയ്ഫ്രണ്ടാണോയെന്നാണ് സോഷ്യൽ മീഡിയയിൽ അന്ന് ചോദിച്ചിരുന്നു. എന്നാലിപ്പോഴാണ് ഐറ അതിനെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ തനിക്കിനി ഒന്നും മറയ്ക്കാനില്ലെന്ന് ഐറ വ്യക്തമാക്കുന്നു.
മിഷാൽ കൃപലാനിയുമായുള്ള ഡേറ്റിങ്ങിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഐറയുടെ മറുപടി. ‘നമുക്ക് തുറന്നു പറയാൻ തോന്നുമ്പോൾ നമ്മൾ കാര്യങ്ങൾ തുറന്നു പറയുക. തുറന്നു പറയാൻ ഇഷ്ടമില്ലെങ്കിൽ പറയരുത്. ചിലകാര്യങ്ങൾ ഞാൻ തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ചിലത് മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല.’ – ഐറ പറഞ്ഞു. നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഒരു ചിത്രം മിഷാൽ കൃപലാനിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരപുത്രി മറുപടി നൽകിയത്.