മലയാളികള്‍ക്ക് എന്നും ഓര്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് രതീഷ് വേഗ. 2010ല്‍ ജയസൂര്യ-അനൂപ് മേനോന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘കോക് ടെയില്‍’ എന്ന ചിത്രത്തിലൂടെയാണ് രതീഷ് വേഗ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ജയസൂര്യ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘തൃശ്ശൂര്‍ പൂര’ത്തിന് തിരക്കഥ ഒരുക്കി പ്രേക്ഷകരുടെ കൈയടി വാങ്ങിച്ചിരിക്കുകയാണ് അദ്ദേഹം.
എന്നാല്‍ തന്റെ ഭാര്യ അനുവിന് കൊടുത്ത വാക്ക് തെറ്റിച്ചാണ് താന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ രതീഷ് വേഗ പറഞ്ഞത്. ‘എന്റെ ഭാര്യ അനു എന്നെ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും ഞാന്‍ സംഗീതം കൊണ്ട് ജീവിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടായിരുന്നു. ഞാന്‍ സംഗീതം വിട്ട് മറ്റൊരു ജോലിക്കും പോകരുതെന്നും അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ പ്രണയിക്കുന്ന സമയത്ത് എനിക്ക് മനസില്‍ തോന്നി സംഗീതത്തില്‍ എവിടെയും ഞാന്‍ എത്തില്ല എന്ന്. അതുകൊണ്ട് തന്നെ മറ്റൊരു ജോലി അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതറിഞ്ഞ അവള് എന്നെ തടഞ്ഞു.
ഞാന്‍ പഠിച്ചതൊക്കെ സംഗീതം ആയതു കൊണ്ടു തന്നെ സംഗീതം കൊണ്ട് മാത്രം ജീവിച്ചാല്‍ മതിയെന്നായിരുന്നു അവളുടെ ആഗ്രഹം. ആ ജീവിതത്തില്‍ പട്ടിണി ആണെങ്കിലും താന്‍ കൂടെയുണ്ടാകുമെന്ന് അവള് എനിക്ക് ഉറപ്പു നല്കി. അങ്ങനെയാണ് ഞാന്‍ സംഗീതത്തില്‍ തന്നെ ചുവടുറപ്പിച്ചത്. പക്ഷേ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ആ വാക്കു തെറ്റിച്ചു. ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിനു വേണ്ടി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതില്‍ ഒരുപാട് സന്തോഷം. എന്റെ ഭാര്യ അനുവിനും ഒരുപാട് സന്തോഷമായി’ എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. ജയസൂര്യ നായകനായി എത്തിയ ‘തൃശ്ശൂര്‍ പൂര’ത്തിലെ ‘സഖിയെ’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
Discussion about this post