മലയാള സിനിമയില്‍ പുതിയ തലമുറയില്‍പ്പെട്ട പല താരങ്ങളും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ളവരാണെങ്കിലും അവര്‍ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സിദ്ദിഖ്. പ്രേക്ഷകന്റെ അംഗീകാരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ അത് നിലനിര്‍ത്തി കൊണ്ടുപോവേണ്ടത് നടന്റെ ഉത്തരവാദിത്വമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
‘സൂപ്പര്‍ താരങ്ങളില്‍ നിന്നും ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രത്യേക ഇമേജില്‍ നിന്നും ബ്രേക്ക് ചെയ്ത് മുന്നേറുന്നതിലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത നടന്മാരെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്. പുതിയ തലമുറയില്‍പ്പെട്ട താരങ്ങളിലും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ളവരുണ്ട്. എന്നാല്‍ അവരില്‍ പലരും അവരുടെ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ബിഗ് ബ്രദര്‍’ ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അര്‍ബാസ് ഖാന്‍, സിദ്ദിഖ്, അനൂപ് മേനോന്‍, ഹണി റോസ്, ഇര്‍ഷാദ്, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരി 16ന് ചിത്രം തിയ്യേറ്ററുകളിലെത്തും.