2018ല്‍ തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് ’96’. തമിഴകത്തിന്റെ പ്രിയപ്പെട്ട നായിക തൃഷയാണ് ചിത്രത്തില്‍ നായികയായ ‘ജാനു’വിന്റെ വേഷത്തില്‍ എത്തിയത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകന്‍. ഇരുതാരങ്ങളുടെയും സിനിമാ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു റാമും ജാനുവും.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ റിലീസ് ആയതിന് ശേഷം ജാനുവിനെ തമിഴില്‍ അവതരിപ്പിച്ച തൃഷയെയും തെലുങ്കില്‍ അവതരിപ്പിക്കുന്ന സമന്തയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
ഇപ്പോഴിതാ സാമന്തയെ നേരിട്ട് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തൃഷ. ‘അഭിനന്ദങ്ങള്‍ സാമന്ത, എല്ലായ്‌പ്പോഴത്തെയും പോലെ താങ്കള്‍ തകര്‍ക്കുമെന്ന് എനിക്കറിയാം’ എന്നാണ് തൃഷ സാമന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ജാനു ടീസറിനു താഴെ കമന്റു ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ വാക്കുകള്‍ തനിക്കേറെ വിലപ്പെട്ടതാണ്’ എന്നാണ് സാമന്ത നല്‍കിയ മറുപടി.
ഷര്‍വാനന്ദ് ആണ് തെലുങ്കില്‍ ‘റാം’ ആയി എത്തുന്നത്. 96 ഒരുക്കിയ സി പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ കുട്ടി ജാനുവായി എത്തിയിരിക്കുന്നത് ഗൗരി കിഷന്‍ തന്നെയാണ്. ‘ജാനു’ എന്നാണ് തെലുങ്ക് റീമേക്കിന്റെ പേര്. യൂട്യൂബ് ട്രെന്‍ഡിങില്‍ പതിനൊന്നാം സ്ഥാനത്താണ് ടീസര്‍.
Discussion about this post