തീവ്ര മതവിശ്വാസികള്‍ ഏറ്റവും വലിയ അപകടകാരികളാണെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മതത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലതെന്നും ഏതെങ്കിലും ഒരു മതത്തെ പിന്തുടരാന് ചെറുപ്പത്തില്പോലും താന്‍ നിര്‍ബന്ധിതനായിട്ടില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു.
കര്മസൂത്ര എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ വച്ചാണ് താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. തനിക്ക് നാല് വയസുള്ളപ്പോള്‍ അച്ഛന് പറഞ്ഞു തന്ന കാര്യം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്നാണ്. അതിനാല്‍ ഏതെങ്കിലും ഒരു മതത്തെ പിന്തുടരാന് ചെറുപ്പത്തില്പോലും താന്‍ നിര്ബന്ധിതനായിട്ടില്ലെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു.
മതത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്. അമ്പലത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പ്രാര്‍ത്ഥിക്കണമെന്നുണ്ടെങ്കില്‍ മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. നല്ല കാര്യങ്ങള്‍ ചെയ്യുക. ഒരു നല്ല മനുഷ്യനാകണമെങ്കില്‍ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കി.
അന്ധമായി മതത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും അപകടകാരികളാണ്. മതത്തില്‍ നിന്ന് നീങ്ങി നില്ക്കുക എന്നതാണ് നല്ലകാര്യം. എന്നാല്‍ മത തത്വങ്ങള്‍ ജീവിതത്തില്‍ പിന്തുടരുക. ചില കാര്യങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ തെറ്റായിരിക്കും. ചിലപ്പോള്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായേക്കാമെന്നും ജോണ്‍ എബ്രഹാം പറയുന്നു.
Discussion about this post