നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. നിര്‍മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉല്ലാസം, വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഷെയിനിന് അമ്മ നിര്‍ദ്ദേശം നല്‍കി. അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഷെയിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.
പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നും തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എഎംഎംഎ സംഘടന പറയുന്ന രീതിയില്‍ തന്നെ ഷെയ്ന്‍ മുന്നോട്ട് പോകാമെന്ന് അറിയിച്ചെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
ചര്‍ച്ചയ്ക്ക് ശേഷം പുറത്തേയ്ക്കിറങ്ങിയ മോഹന്‍ലാല്‍ തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ പോകാനൊരുങ്ങുകയായിരുന്നു. താരത്തോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി പറഞ്ഞത് നടന്‍ ബാബുരാജായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ നിരന്തരമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ഇക്കാര്യത്തിലെ യോഗതീരുമാനം വെളിപ്പെടുത്തിയത്.
Discussion about this post